dronar

കമ്മ്യൂണിസ്റ്റ് ചില്ലുജാലകത്തിനരികെ കട്ടൻചായയെ സേവിച്ച് ചിന്താമഗ്നനായി നിലകൊള്ളവേ ഏതോ ഒരു സന്ദിഗ്ദ്ധഘട്ടത്തിലാണ് വിജയരാഘവൻ സഖാവ് കോട്ടുവാ ഇട്ടത് ! ഏ.കെ.ജി സെന്ററിനകത്തായിരുന്നു ആ ചില്ലുജാലകം. കോട്ടുവാ വരാതിരിക്കാൻ സഖാവ് പരമാവധി കടിച്ചുപിടിച്ചു നോക്കി. സാധിച്ചില്ല. വാ, പിളർന്നുപോവുക തന്നെ ചെയ്തു.

സാധാരണ ഏ.കെ.ജി സെന്ററിനകത്ത് കടന്നുകൂടാത്ത ഐറ്റംസിൽ പെട്ടതായിരുന്നു ഗുളികനും. മാരി, മറുത, ഗുളികൻ, ചാത്തൻ എന്നിത്യാദി ടീമുകളും. ഭൂത,പ്രേത, പിശാചാദികളും എപ്പോഴും ഏ.കെ.ജി സെന്ററിന്റെ പരിസരത്ത് കൂടി സഞ്ചരിക്കുകയാണെങ്കിൽ ഇടമോ വലമോ തിരിഞ്ഞ് നോക്കാതെ നേരേ നടന്നുനീങ്ങുന്നതാണ് രീതി. ഇനി അഥവാ കേറിപ്പോയാൽ ആദ്യം കാണുന്നത് ഗോവിന്ദൻമാഷിനെയാണ്. മാഷാണെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വാളെടുത്തൊരു വീശ് വീശും. പിന്നെ പിണറായി സഖാവ് കടക്ക്, പുറത്ത് എന്ന് കല്പിക്കാതെ തന്നെ ഇവരെല്ലാം ഏ.കെ.ജി സെന്ററിന്റെ പടികടന്ന് പറന്നു പോവും.

ഇക്കാരണങ്ങളാൽ സ്വന്തം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് മേല്പറഞ്ഞ ടീമുകൾ ഏ.കെ.ജി സെന്ററിലേക്ക് തലയെത്തി നോക്കുക പോലും ചെയ്യാതെ നേരേനോക്കി നടന്നുനീങ്ങുന്നത് ശീലമാക്കിയത്. ചില ദുർബല നിമിഷങ്ങൾ ഏത് ജീവിതത്തിലും സംഭവിക്കാമല്ലോ. അങ്ങനെയൊരു ദുർബലനിമിഷം ഗുളികൻ സഖാവിലുമുണ്ടായി. കട്ടൻചായ അദ്ദേഹത്തിനൊരു വീക്ക്നെസ് ആയിരുന്നു പണ്ട് മുതൽക്കേ. വിജയരാഘവൻ സഖാവ് കണ്ണൻദേവൻ തേയിലയിട്ട് തിളപ്പിച്ച കട്ടൻചായ സേവിക്കുന്നെന്ന്, നാസാരന്ധ്രത്തിലേക്ക് തുളഞ്ഞുകയറിയ ഗന്ധത്തിലൂടെ തിരിച്ചറിഞ്ഞ ഗുളികൻ, ഗോവിന്ദൻ മാഷെ പോലും മറന്ന് ഒരുവേള ഏ.കെ.ജി സെന്ററിനകത്തേക്ക് ചാടിക്കയറുകയുണ്ടായി.

കയറിയതും വിജയരാഘവൻ സഖാവ് കോട്ടുവായിട്ടതും ഒറ്റ സെക്കൻഡിലാണ് സംഭവിച്ചത്. പിളർന്നുകിടന്ന വിജയരാഘവൻ സഖാവിന്റെ വായക്കകത്തേക്ക് ഗുളികന് കയറാൻ കാലാന്തരമുണ്ടായില്ല! പാവം വിജയരാഘവൻ സഖാവ് അതറിയുന്നില്ല എന്നിടത്താണ് ജനകീയ ജനാധിപത്യ വിപ്ലവം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ.

ഗുളികനെ പിടിച്ചുനിറുത്താൻ ഗോവിന്ദൻ മാഷ് തൊട്ട് പ്രാക്കുളം ചെഗുവേര സഖാവ് ബേബിയദ്ദേഹം വരെയുള്ളവർ പഠിച്ച പണി പത്തൊമ്പതുമാണ് പയറ്റിയത്. പതിനെട്ട് കമ്മ്യൂണിസ്റ്റ് ശൈലിക്ക് പറ്റിയ സംഖ്യയല്ലാത്തതിനാലായിരുന്നു പത്തൊമ്പത് പണിയും പയറ്റി നോക്കിയത്. പിടിച്ചു ഞാനവനെന്നെക്കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട് എന്നതായിരുന്നു ഗുളികൻ- ബേബിസഖാവ് മല്ലയുദ്ധത്തിന്റെ ഗതിയെന്ന് അത് കണ്ടിട്ടുള്ളവർ വെളിപ്പെടുത്തുന്നു. ആ യുദ്ധത്തിനിടയിൽ ബേബിസഖാവിന്റെ നാക്കിലും കയറിക്കൂടാൻ ഗുളികൻ ചില ശ്രമങ്ങൾ നടത്തിയെന്നാണ് വിവരം. ശബരിമലയിൽ വേറെ സത്യവാങ്മൂലം നൽകുമെന്ന് ബേബി സഖാവ് പറഞ്ഞത് അപ്പോഴായിരുന്നു. ഗുളികനെ പെട്ടെന്ന് ഇറക്കിവിടാൻ സഖാവിന് സാധിച്ചതിനാൽ കൈയോടെ പറഞ്ഞത് തിരുത്തി തലയൂരി.

വിജയരാഘവൻ സഖാവിനെ രക്ഷിക്കാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പോലും സഞ്ചരിക്കാൻ ഏ.കെ.ജി സെന്ററിനകത്തെ സൈദ്ധാന്തിക ഗവേഷകർ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാണ്!

സഖാവ് ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് റാങ്ക് നേടിയയാളാണ്. അതുകൊണ്ട് ഇസ്ലാമികചരിത്രം കയറിവരുമ്പോഴാണ് ഗുളികന്റെ അപഹാരം ആ നാക്കിനകത്ത് കലശലാകുന്നത്. പാണക്കാട്ടെ തങ്ങന്മാരിലാരോ ഒരാൾ സഖാവിനൊപ്പം ഇസ്ലാമികചരിത്രം പഠിക്കാനുണ്ടായിരുന്നു. എന്നുവച്ച് ഉമ്മൻചാണ്ടി പാണക്കാട്ടേക്ക് പോകുന്നതിൽ ചില തെറ്രായ സന്ദേശങ്ങൾ സഖാവിന് തോന്നിക്കൂടാ എന്നില്ല. ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ തീവ്രമെന്ന് സഖാവ് പറയുകയുണ്ടായി. ഗുളികൻ നാക്കിൽ കയറി വിളയാടിയ നേരത്തായിരുന്നു അത്.

ആലത്തൂരിൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കവേ, രമ്യഹരിദാസ് എന്ന കോൺഗ്രസ് എം.പിയെ പാട്ടുംപാടി ജയിപ്പിച്ചതിൽ സഖാവിന്റെ നാക്കിനകത്ത് കുടിയേറിപ്പാർത്ത ഗുളികൻ നൽകിയ സംഭാവന ആർക്കും വിസ്മരിക്കാവുന്നതല്ല. ഇന്ദ്രാസനം ചോദിക്കാനിരുന്ന കുംഭകർണ്ണനെക്കൊണ്ട് നിദ്രാസനം ചോദിപ്പിച്ച സരസ്വതിയേക്കാൾ അപകടകാരിയാണ് ഈ ഗുളികനെന്ന് വിജയരാഘവൻ സഖാവിപ്പോൾ തിരിച്ചറിയുന്നു. അതുകൊണ്ടാണ് നാക്കുപിഴ സംഭവിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചുതന്നിരിക്കുന്നത്. ഒരുമാതിരിപ്പെട്ട പിഴവുകളൊന്നും അദ്ദേഹത്തിന് പറ്റാറുള്ളതല്ല എന്ന് ധരിച്ചുവച്ചിരിക്കുന്നയാളായത് കൊണ്ടുതന്നെ ഈ സമ്മതമൊഴിക്ക് നമ്മൾ വലിയ വില കല്പിക്കേണ്ടിയിരിക്കുന്നു. ഗുളികൻ നാക്കിനകത്ത് ഒളിച്ചിരുന്ന് സഖാവിനെക്കൊണ്ട് പറയിപ്പിക്കുന്നതെന്താണെന്ന് പലപ്പോഴും സഖാവിന് പോലും മനസിലാകാറില്ലെന്നിരിക്കെ, നാക്കുപിഴ ഉണ്ടായി എന്നദ്ദേഹം തുറന്ന് സമ്മതിച്ചെങ്കിൽ ജനകീയ ജനാധിപത്യവിപ്ലവം അവിടെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നുതന്നെ നമ്മൾ ആശ്വസിക്കേണ്ടിയിരിക്കുന്നു!

  

ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി പറയാറുണ്ടെങ്കിലും ഇ. ശ്രീധരൻ അങ്ങനെയല്ല. അദ്ദേഹം വെറുമൊരു എൻജിനീയറല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വയം തീരുമാനിച്ചുറപ്പിച്ച ആളാണ്. എല്ലാവരും സമ്മതിച്ചാൽ തനിക്ക് മുഖ്യമന്ത്രിയാകുന്നതിന് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്! ആണ്ടി വലിയ അടിക്കാരനാണെങ്കിലും എല്ലാവരും സമ്മതിച്ചുതന്നാലേ താൻ വലിയ അടിക്കാരനാണെന്ന് പറയൂ എന്ന് ആണ്ടി പറയണമെങ്കിൽ അത് ആണ്ടിയുടെ വിശാലമനസാണ് വ്യക്തമാക്കുന്നത്. ഇ. ശ്രീധരനും അങ്ങനെയൊരാളാണ്. പെട്രോളിനെന്താണിപ്പോൾ നിലവാരം, ഡൽഹിയിൽ കർഷകർ കൈകൊട്ടിക്കളിയിലാണോ, ദേശസ്നേഹം മൊത്തമായോ ചില്ലറയായോ വില്പനയ്ക്കുണ്ടോ എന്നൊന്നും ചിന്തിച്ച് കാടുകയറാനുള്ള സമയമോ സന്ദർഭമോ അദ്ദേഹത്തിനില്ല. അല്ലെങ്കിലും ബുദ്ധി, യന്ത്രം പോലെ കറങ്ങുമ്പോൾ അതെല്ലായിടത്തും കറങ്ങിയെത്തണമെന്നില്ലല്ലോ.

കേരളത്തിന്റെ മുഖ്യമന്ത്രി ആകാനായി വേണ്ടി വന്നാൽ പൊന്നാനിയിലും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന ശുദ്ധമനസ് ശ്രീധരന് മാത്രമേ ഈ ഭൂഗോളത്തിൽ ഉണ്ടാകാനിടയുള്ളൂ. ഏതായാലും ഗവർണറാകാൻ താനില്ലെന്ന് കാലേകൂട്ടി അദ്ദേഹം അറിയിച്ചത് എന്തുകൊണ്ടും നന്നായി. നിഷ്കളങ്ക മനസുകൾക്ക് ആരിഫ് മുഹമ്മദ് ഖാൻജിമാരായി വിലസാൻ അല്പം ബുദ്ധിമുട്ടായിരിക്കും.

ഇ-മെയിൽ: dronar.keralakaumudi@gmail.com