rbi-court

ന്യൂഡൽഹി: പൊതുമുതൽ സംരക്ഷിക്കേണ്ടവരാണ് ബാങ്കുകളെന്നും അവർ ഇടപാടുകാരെ വഞ്ചിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി. കൊൽക്കത്തയിലെ യുണൈ‌റ്റഡ് ബാങ്കിനെതിരെ അമിതാഭാ ദാസ് ഗുപ്‌ത എന്ന ഇടപാടുകാരൻ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

ലോക്കർ സംവിധാനത്തിന്റെ നടത്തിപ്പിന് സുപ്രീംകോടതി റിസർ‌വ് ബാങ്കിന് കുറച്ച് നിർദ്ദേശങ്ങളും നൽകി. ലോക്കർ തുറക്കും മുൻപ് ഉപഭോക്താവിനെ ബാങ്ക് അധികൃതർ വിവരം അറിയിക്കണം. ലോക്കർ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് റിസർവ് ബാങ്ക് ആറ് മാസത്തിനകം നിയമം കൊണ്ടുവരണം. ലോക്കറിലെ വസ്‌തുവകകൾ നഷ്‌ടമായാൽ ബാങ്കുകളോട് സ്വീകരിക്കേണ്ട നടപടികൾ റിസർവ് ബാങ്കിന് തീരുമാനിക്കാം. ലോക്കറിൽ എന്താണെന്ന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ ബാങ്കുകൾക്കാകില്ല. പൊതുമുതൽ സൂക്ഷിക്കുന്നവർ എന്ന നിലയിൽ ബാങ്കുകൾക്ക് ഇടപാടുകാരനെ വഞ്ചിക്കാനാകില്ല.

കേസ് നൽകിയ അമിതാഭാ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ ഏഴിൽ രണ്ടെണ്ണം മാത്രമാണ് ബാങ്ക് തിരികെ നൽകിയത്. ബാദ്ധ്യത തീർക്കാത്തതിനാലാണ് ആഭരണം നൽകാത്തതെന്നാണ് ബാങ്ക് പറഞ്ഞ കാരണം. തുടർന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ അദ്ദേഹം സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനം കോടതിയ്‌ക്ക് നടത്താമെന്ന് കമ്മീഷൻ തീരുമാനമറിയിച്ചു.

കേസ് പരിഗണിക്കവെ ഉപഭോക്താക്കൾക്കുമേൽ മോശമായതും ഏകപക്ഷീയവുമായ നിബന്ധനകൾ ബാങ്കുകൾ നടപ്പാക്കരുത് എന്നറിയിച്ച സുപ്രീംകോടതി ഇടപാടുകാരനെ അറിയിക്കാതെ ലോക്കർ തുറന്നതിന് യുണൈ‌റ്റഡ് ബാങ്കിന് 5 ലക്ഷം രൂപ പിഴയിട്ടു. ഉപഭോക്താവിനോട് മോശമായി പെരുമാറിയ ബാങ്കുദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ടെങ്കിൽ അവരിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കിന് കോടതി നിർദ്ദേശം നൽകി. നീതിക്കായി കോടതി കയറേണ്ടി വന്നതിന് അമിതാഭായ്‌ക്ക് ചിലവായി ഒരു ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. ജസ്‌റ്റിസുമാരായ എം.എം ശാന്തനഗൗണ്ടർ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.