ദിവസങ്ങൾക്ക് മുമ്പായിരുന്നു താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് ഇരിക്കാൻ സ്ഥലം നൽകിയില്ലെന്ന് നടി പാർവതി ഉൾപ്പടെയുള്ള ചിലർ കുറ്റപ്പെടുത്തിയിരുന്നു. പുരുഷ താരങ്ങൾ ഇരിക്കുകയും, ഹണി റോസും രചന നാരായണൻ കുട്ടിയും നിൽക്കുകയും ചെയ്യുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവതിയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് നടനും, അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബു രാജ്.

'കുറ്റങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെടണം. അതൊക്കെ നല്ലതാണ്, പാർവതി പറഞ്ഞ മിക്കവാറും കാര്യങ്ങളിലൊക്കെ ഞാൻ പിന്തുണച്ചിട്ടുള്ളയാണ്. കാരണം നല്ല അറിവും വിവരമൊക്കെ ഉള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ളതാണ്. രാജിവച്ച് പോയപ്പോൾ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ ആളാണ് ഞാൻ.പക്ഷേ ഇതെന്താണ്അന്ന് അങ്ങനെ പറഞ്ഞതെന്നറിയില്ല. കാരണം സ്ത്രീകൾ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്‌സ് മാത്രം ഇരുന്നാൽ മതിയെന്ന്. അതിനുള്ള സ്‌പേസ് മാത്രേ ഉള്ളൂ അവിടെ.
രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്.ലോഗോ പ്രകാശനമൊക്കെ ഉണ്ടായിരുന്നല്ലോ.നമ്മുടെ ആകെയുള്ള മൂന്ന് ലേഡീസ് ആണല്ലോ. നമ്മുടെ വീട്ടിലൊരു ഫങ്ഷൻ നടക്കുമ്പോൾ നമുക്ക് വേദിയിൽ കയറി അണിഞ്ഞൊരുങ്ങി നിൽക്കാനല്ല സമയം.ഞാനാ സ്‌റ്റേജിൽ പോലും ഉണ്ടായില്ല. നമുക്ക് നമ്മുടേതായ പല കാര്യങ്ങളും ഉണ്ട്. കുറ്റം കാണണമെന്ന് തോന്നിയാൽ ഏത് കാര്യത്തിലും കുറ്റം കാണാം. നല്ലതുകൂടി പറയണം. ഞാൻ ആ കുട്ടി ചെയ്യുന്ന കാര്യത്തിൽ ഞാൻ നല്ലത് കൂടി പറയാറുണ്ട്. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കപ്പെടണം. അത് ഞാൻ വീണ്ടും പറയുകയാണ്. ഏത് അംഗമായാലും അത് ചെയ്യണം. പക്ഷേ അടിത്തറ തോണ്ടാൻ നോക്കരുത്.കാരണം ഒരുപാടുപേർക്ക് ഇതിനെക്കൊണ്ട് ഗുണമുണ്ട്.'- അദ്ദേഹം പറഞ്ഞു.