mani-c-kappan-

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൽ ഡി എഫ് വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം. കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന നിലപാടാണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനുളളത്. എന്നാൽ ഏതു വിധത്തിലും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടതെന്നും കാപ്പനെ ഘടകകക്ഷിയാക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കെ പി സി സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കാപ്പനെ ചൊല്ലിയുളള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്. കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കട്ടെയെന്ന് നേരത്തെ തന്നെ മുല്ലപ്പളളി നിർദേശം മുന്നോട്ടുവച്ചിരുന്നു. ഈ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്നാണ്, തിരഞ്ഞെടുപ്പ് സമിതി യോഗത്തിലുളള ചർച്ച നൽകുന്ന സൂചന.

കാപ്പൻ കോൺഗ്രസിൽ ചേർന്നാൽ വർഷങ്ങൾക്ക് ശേഷം പാലായിൽ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യം വരുമെന്നാണ് മുല്ലപ്പളളിയുടെ വാദം. ഈ നിലപാടിനെ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു. ഇത് കോട്ടയം ജില്ലയിൽ കോൺഗ്രസിന് ഗുണകരമാവും. ഘടകകക്ഷിയായാണ് കാപ്പനും കൂടെയുളളവരും വരുന്നതെങ്കിൽ കൂടുതൽ സീറ്റ് നൽകേണ്ടിവരുമെന്നും ഇത് കോൺഗ്രസിന് ക്ഷീണമാവുമെന്നുമാണ് മുല്ലപ്പളളിയുടെ വാദം.

അതേസമയം, കോൺഗ്രസിൽ ചേരുക എന്ന നിർബന്ധത്തിൽ ഉറച്ചുനിൽക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഏതു വിധത്തിലും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടത്. അവരുടെ പക്ഷത്തുളള കൂടുതൽ പേരെ യു ഡി എഫിനൊപ്പം കൊണ്ടുവരുന്നത് യു ഡി എഫിന് ഗുണകരുമാവുമെന്നും ചെന്നിത്തല പറയുന്നു.

കാപ്പന്റെ കാര്യം യു ഡി എഫിൽ ചർച്ച ചെയ്‌ത് തീരുമാനമെടുക്കാമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു. ഇതനുസരിച്ച് വിഷയം മാറ്റിവച്ചു.

പന്ത്രണ്ട് സീറ്റ് വേണമെന്ന പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പു സമിതിയിൽ നേതാക്കൾ ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടു.