dr-swathi-mohan

പെഴ്സിവിയറൻസ് ചൊവ്വയുടെ മണ്ണിലിറങ്ങിയെന്ന് ആദ്യമായി ലോകത്തെ അറിയിച്ച ഇന്ത്യൻ വംശജ ഡോ. സ്വാതിമോഹനെക്കുറിച്ച് അറിയാം.

ജന്മം കൊണ്ട് ഇന്ത്യക്കാരി. കർമം കൊണ്ട് അമേരിക്കനും. സ്റ്റാർട്രെക് സീരീസ് കണ്ട് ബഹിരാകാശം സ്വപ്നം കണ്ട കുഞ്ഞു സ്വാതിക്ക് വലുതായപ്പോൾ കുട്ടികളുടെ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പ്രപഞ്ചരഹസ്യങ്ങളറിയാനുള്ള ത്വര ഡോ. സ്വാതി മോഹനെ നാസയിലെത്തിച്ചു.

ചൊവ്വയിലെ ജീവന്റെ തുടിപ്പുകൾ അന്വേഷിച്ച് നാസയുടെ പെഴ്സീവിയറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25ന് ചൊവ്വയുടെ ചുവന്ന മണ്ണിൽ കാൽതൊട്ടപ്പോൾ ലോകം മുഴുവൻ അത്ഭുതത്തോടെ ഉറ്റുനോക്കി, കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പെഴ്സീവിയറൻസ് ചൊവ്വയിലെത്തിയത്. ഇക്കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞത് സ്വാതിയാണ്. മാസ്ക് ധരിച്ചാണ് സ്വാതി പ്രഖ്യാപനം നടത്തിയതെങ്കിലും ലോകം ശ്രദ്ധിച്ചത് അവരുടെ നെറ്റിയിലെ കുഞ്ഞു കറുത്തപൊട്ടാണ്.

ഏതാണീ പൊട്ടുതൊട്ട സുന്ദരി?. ഇന്ത്യക്കാരിയായിരിക്കും. ആരാണിവരെന്നെ അന്വേഷണം പലരെയും അമ്പരപ്പിച്ചു. സ്വാതി ഇന്ത്യൻ വംശജ തന്നെ. പക്ഷെ, ആൾ ചില്ലറക്കാരിയല്ല.

പലരും കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ സേർച്ചിനെ സമീപിച്ചു. ഇതോടെ സ്വാതിയുടെ ചിത്രങ്ങളും വിഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.

ലോകത്തെ ഓരോ സ്ത്രീയിലും അഭിമാനം വിതറി, പൊട്ടുതൊട്ട സ്വാതി നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രൊജക്ട് ലീഡറാണ്.

'ആറ്റിറ്റ്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമായത്. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്തത് ഡോ. സ്വാതി മോഹൻ എന്ന ഇന്ത്യൻ വംശജയായിരുന്നു.

നാസയുടെ മാർസ് 2020 മിഷന്റെ മാർഗ്ഗനിർദ്ദേശം, നാവിഗേഷൻ, നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് സ്വാതിയാണ് . ഇതിനു പുറമെ റോവർ ലാൻഡിംഗ് സംവിധാനം, ആറ്റിറ്റ്യൂഡ് കൺട്രോൾ എന്നിവയുടെയും നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം സ്വാതിയുടെ നേതൃത്വത്തിലാണ്.

വേരുകൾ കർണാടകയിൽ

കർണാടക സ്വദേശികളാണ് സ്വാതിയുടെ മാതാപിതാക്കൾ. സ്വാതിക്ക് ഒരുവയസ് പ്രായമുള്ളപ്പാഴാണ് ഇവരുടെ കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ അറിയാൻ ചെറുപ്പം മുതൽ തന്നെ താത്പ്പര്യം കാണിച്ച സ്വാതി, കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ ആൻഡ് എയറോസ്പേസ് എൻജിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. നിലവിൽ പെഴ്സിവീയറൻസ് പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് ഇവർ.

 ചൊവ്വ തൊട്ടു

'ടച്ച്‌ഡൗൺ സ്ഥിരീകരിച്ചു! പെഴ്സിവീയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കുന്നു’, യുഎസിലെ നാസ ആസ്ഥാനത്തിരുന്ന് മാസ്ക് ധരിച്ച്, പൊട്ടു തൊട്ട സ്വാതി മോഹൻ പറഞ്ഞു.

കാസിനി (ശനിയിലേക്കുള്ള ദൗത്യം), ഗ്രെയ്ൽ (ചന്ദ്രനിലേക്കുള്ള ബഹിരാകാശവാഹനങ്ങൾ) തുടങ്ങി നിരവധി പ്രധാന നാസ ദൗത്യങ്ങളിലും പങ്കെടുത്ത ഗവേഷകയാണ് സ്വാതി മോഹൻ.

16 വയസ്സ് വരെ ശിശുരോഗ വിദഗ്ദ്ധയാകാനാണ് സ്വാതി ആഗ്രഹിച്ചിരുന്നത്. എന്നാൽ അവളുടെ ആദ്യത്തെ ഭൗതികശാസ്ത്ര ക്ലാസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബഹിരാകാശ പര്യവേഷണത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ‘എൻജിനീയറിംഗ്’ എടുക്കുകയായിരുന്നു.
സ്റ്റാർ ട്രെക്‌ സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങളറിയാൻ മോഹിച്ച സ്വാതി മോഹൻ ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യത്തിൽ അംഗമായത്. നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വ ദൗത്യത്തിൽ നേതൃത്വ പങ്കാളി ആയി സ്വാതി മോഹൻ എത്തുന്നത്.

ചുവന്ന മണ്ണിൽ തൊട്ട അഞ്ചാമത്തവൻ

ഏഴ് മാസം കൊണ്ട് 30 കോടി മൈൽ താണ്ടി പെഴ്സീവിയറൻസ് പേടകം ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 2.28നാണ് ആറ് ചക്രങ്ങളുള്ള റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ജെസീറോയിലെ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ഗ്രഹത്തിന്റെ മുൻകാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസിലാക്കുന്നതും പരിഗണനയിലുണ്ട്. 270 കോടി യു.എസ് ഡോളറായിരുന്നു ദൗത്യത്തിന്റെ ചെലവ്.

അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില പേടകത്തി‍ൽ അനുഭവപ്പെട്ടെങ്കിലും താപകവചം അതിനെ ചെറുത്തു. അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിറുത്തി. വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരച്യൂട്ടുകൾ തുറന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു. ലാൻഡ് ചെയ്യുന്നതിന് 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം ആരംഭിച്ചു. റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി. പിന്നീട്, കേബിളുകൾ വേർപെട്ടു.

തുടക്കം 2020 ൽ

2020 ജൂലായ് 30ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണിത്. അനുയോജ്യമായ സമയത്ത് ഇതിനെ പറത്തും. ലാൻഡിംഗ് വിജയകരമായി പൂർത്തീകരിച്ച പേടകം ചൊവ്വാ ഉപരിതലത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്കയച്ചിട്ടുണ്ട്. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയ്ക്ക് ശേഷം ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവിയറസ്.