
കണ്ണൂർ: കേരളത്തിലെ തീരങ്ങളിൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി യാതൊരുവിധ ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളൊക്കെ തെറ്റാണ്. വന്നതെല്ലാം കമ്പനി പുറത്തുവിട്ട വിവരങ്ങൾ മാത്രമാണ്. വ്യവസായം തുടങ്ങുന്നതിനായി ആർക്കുവേണമെങ്കിലും പദ്ധതി സമർപ്പിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാർ വിദേശത്ത് പോകുമ്പോൾ പലരുമായും സംസാരിക്കാറുണ്ട്. കൂടിക്കാഴ്‌ചയ്‌ക്ക് വരുന്നവരിൽ മലയാളികളും സംരംഭകരുമുണ്ടാകാം. ഭീഷണിപ്പെടുത്താൻ ഒന്നും കൈയിലില്ലാത്തതുകൊണ്ട് പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും ക്ഷോഭത്തോടെ മന്ത്രി പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് നുണ പറയുകയാണ്. സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ പങ്കും അന്വേഷിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കമ്പനി അധികൃതർ തന്നെ വന്നുകണ്ടിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. ഇതിനുപിന്നിൽ ബ്ളാക്മെയിൽ ശ്രമമാണോയെന്നും ചെന്നിത്തല അതിനിരയായോ എന്നും അന്വേഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ കമ്പനിയുമായി ഒരു കടലാസിലും ഒപ്പുവച്ചിട്ടില്ല. കമ്പനി അധികൃതരെ കുറിച്ച് മുൻപുതന്നെ ശരികേട് തോന്നിയിരുന്നു. ഇവർ നൽകിയ നിവേദനം സ്വീകരിച്ചു എന്ന റസീപ്‌റ്റ് തരാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കമ്പനിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.