
ദുൽഖറിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്ന ഡയാന പെന്റിയുടെ വിശേഷങ്ങൾ
''എന്റെ മുന്നിലേക്ക് വരുന്ന ഓരോ തിരക്കഥകളും സൂക്ഷ്മമമായി വായിക്കാറുണ്ട്. വായിക്കുന്ന സമയത്ത് പ്രേക്ഷകയായിമാറാൻ ശ്രമിക്കാറുണ്ട്. ഇത് സിനിമയാക്കുമ്പോൾ ഓരോ പ്രേക്ഷകനെയും ഈ സിനിമ എങ്ങനെ സ്പര്ശിക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് ആ തിരക്കഥയിൽ എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് നോക്കാറുണ്ട്. സിനിമ കഴിയുമ്പോൾ എന്റെ കഥാപാത്രം പ്രേക്ഷകനിൽ പതിഞ്ഞു നിൽക്കുമോ എന്ന് ചിന്തിച്ചതിന് ശേഷം മാത്രമേ ഒരു തിരക്കഥയ്ക്ക് ഒകെ പറയാറുള്ളു. ""റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി മലയാളത്തിൽ അരങ്ങേറുന്ന ബോളിവുഡ് താരം ഡയാന പെന്റി പറയുന്നു.
മീര സാഹ്നി സംവിധാനം ചെയ്ത കോക്ക് ടെയ്ൽ എന്ന ചിത്രത്തിലൂടെ 2012 ലാണ് ഡയാന പെന്റി ബോളിവുഡിൽ അരങ്ങേറുന്നത്.
മുംബൈയിൽ ജനിച്ചു വളർന്ന ഡയാന മോഡലായാണ് തന്റെ കരിയർ തുടങ്ങുന്നത്.റൊമാന്റിക് കോമഡി ചിത്രമായ കോക്ക്ടെയ്ലിലെ പുതുമുഖ നായികയെ ബോളിവുഡ് ശ്രദ്ധിച്ചു. ഒൻപതുവർഷങ്ങൾക്കിടയിൽ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ ഡയാന അഭിനയിച്ചുള്ളുവെങ്കിലും ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടാൻ ഡയാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ബാഗ് ജായേഗി ,ലഖ്നൗ സെൻട്രൽ , ശിദ്ദത്ത്, ഹാപ്പി ഫിർ ബാഗ് ജായേഗി തുടങ്ങിയവയാണ് ഡയാനയുടെ ഹിറ്റ് ചിത്രങ്ങൾ.ഖാൻദാനി ഷഫാഖാനായിലെ ഒരു ഗാനരംഗത്തും ഡയാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദുൽഖർ ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് കൂടുതൽ ആകർഷിച്ചതെന്ന് ഡയാന പറഞ്ഞിരുന്നു. ചിത്രത്തിൽ ജോയിൻ ചെയ്തപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരം ആ സന്തോഷം പങ്കുവച്ചിരുന്നു. ''പുതിയ തുടക്കത്തിന് ചീയേഴ്സ്, മലയാളത്തിന്റെ ദുൽഖറിനൊപ്പവും റോഷനൊപ്പവും ചേരുന്നതിൽ മനസ്സ് നിറയെ സന്തോഷമാണ്. മലയാളത്തിൽ നല്ലതിരക്കഥകൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യുമെന്ന് "" ഡയാന പെന്റി പറയുന്നു.
മുംബയ് സെന്റ്സേവ്യേഴ്സ് കോളേജിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം നേടിയ ഡയാനയുടെ അച്ഛൻ പാഴ്സിയും അമ്മ കൊങ്കിണി ക്രിസ്ത്യനുമാണ്.