shabnam-

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രണയത്തെ എതിർത്ത മാതാപിതാക്കളെ അടക്കം ഏഴ് പേരെ കാമുകനുമായി ചേർന്ന് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ഷബ്‌നത്തെയാണ് തൂക്കിലേറ്റുന്നത്. മരണ വാറന്റ് പുറപ്പെടുവിച്ചു. നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദാണ് ആരാച്ചാർ. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.

ഉത്തർപ്രദേശിലെ അംരോഹയിൽ ഭവൻഖേദി ഗ്രാമത്തിലാണ് 2008 ഏപ്രിൽ 14ന് രാത്രിയിൽ രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പര. അയൽവാസിയായ സലീമുമായുള്ള പ്രണയം തടഞ്ഞതാണ് ഷബ്‌നത്തെ പ്രകോപിപ്പിച്ചത്. സലിമും ശബ്‌നവും ചേർന്ന് കുടുംബാംഗങ്ങൾക്ക് പാലിൽ മയക്കുമരുന്നു നൽകിയ ശേഷമായിരുന്നു കൊടുംക്രൂരത. അച്ഛൻ ഷൗക്കത്ത്, അമ്മ ഹാഷ്‌മി, സഹോദരങ്ങളായ അനീസ്, റഷീദ്, സഹോദരി റാബിയ, സഹോദരി ഭർത്താവ് അൻജും, ദമ്പതികളുടെ മകൻ അർഷ് എന്നിവരാണ് കോടാലിക്കിരയായത്. രണ്ടു വർഷത്തെ വിചാരണയ്ക്ക് ശേഷം അംരോഹ കോടതി 2010 ജൂലായിൽ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. ലക്‌നൗ കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. ദയാഹർജി രാഷ്‌ട്രപതി തള്ളി. ഷബ്‌നം ബറേലിയിലെ ജയിലിലും സലിം ആഗ്രയിലെ ജയിലിലുമാണ് കഴിയുന്നത്.

ഓട്ടോകാരന്റെ മിസ് ഇന്ത്യ

മിസ് ഇന്ത്യ റണ്ണറപ് മന്യ സിംഗ് കഴിഞ്ഞയാഴ്ച തന്റെ അച്ഛൻ ഓംപ്രകാശിന്റെ ഓട്ടോറിക്ഷയിൽ പഠിച്ച കോളേജിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്യയ്ക്കും കുടുംബത്തിനും മുംബെയിലെ താക്കൂർ കോളജ് ഗംഭീര സ്വീകരണമാണ് നൽകിയത്. ജനങ്ങളുടെ ആദരവിൽ മാതാപിതാക്കൾ വികാരഭരിതരായി. ഇവരുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലിൽ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സുന്ദരിപ്പട്ടം നേടിയ മന്യ എന്തുകൊണ്ട് കാർ ഉപയോഗിക്കുന്നില്ലെന്ന് ചോദിച്ചവരോട്

അഭിമാനപൂർവം മന്യ പറഞ്ഞു. "ഞാൻ ഓട്ടോക്കാരന്റെ മകളാണ്. അച്ഛന്റെ വാഹനം എന്റേതുമാണ്. അതിലെനിക്ക് യാതൊരു കുറച്ചിലുമില്ല. മിസ് ഇന്ത്യ വേദി വരെ മന്യ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്.

കുരങ്ങന്മാർ തട്ടിയെടുത്ത കുഞ്ഞിന് ദാരുണാന്ത്യം

കുരങ്ങന്മാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ചതാണ് കഴിഞ്ഞയാഴ്ച നാടിനെ ഞെട്ടിപ്പിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്മാർ ഉറങ്ങിക്കിടന്ന എട്ട് ദിവസം പ്രായമുള്ള ഇരട്ടപ്പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് അമ്മ ഭുവനേശ്വരി പറയുന്നു.വീടിനു മുകളിൽ കുരങ്ങന്മാരെ കണ്ട് താൻ നിലവിളിച്ചു കരഞ്ഞെന്ന് ഭുവനേശ്വരി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. മേൽക്കൂരയ്ക്ക് മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളെ കൊണ്ട് കുരങ്ങന്മാർ ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ പരിസരത്തുള്ള ജലാശയത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

വിവാദ ജഡ്ജിക്ക് 150 കോണ്ടം അയച്ച് യുവതി

പോക്സോ കേസിൽ വിവാദ വിധി പുറപ്പെടുവിച്ച ബോബെ ഹൈക്കോടതി അഡി. ജഡ്ജി പുഷ്പ വി.ഗനേഡിവാലക്ക് ഗർഭനിരോധന ഉറകൾ അയച്ച് യുവതിയുടെ പ്രതിഷേധം. വസ്ത്രത്തിന് മുകളിലൂടെ കുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴിൽ വരില്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ദേവ്ശ്രീ ത്രിവേദിയെന്ന യുവതി ഗർഭനിരോധന ഉറകൾ അയച്ചുകൊടുത്തത്. ജഡ്ജിയുടെ ചേംബർ ഉൾപ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവർ പാഴ്സൽ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ആവശ്യമെന്ന് ദേവ്ശ്രീ പറഞ്ഞു. ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റമുക്തനാക്കിയത്. എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചിരുന്നു.