pamela-bjp

കൊൽക്കത്ത: യുവമോർച്ച ജനറൽ സെക്രട്ടറിയും ബംഗാളിലെ യുവ ബിജെപി നേതാക്കളിൽ ശ്രദ്ധേയയുമായ പമേല ഗോസ്വാമി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നുമായി പിടിയിൽ. കൊൽക്കത്തയിലെ ന്യൂ ആലിപൂർ മേഖലയിൽ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പമേലയ്‌ക്കൊപ്പം യുവമോർച്ച പ്രവർത്തകനായ പ്രബീർ കുമാർ ഡേയും പിടിയിലായിട്ടുണ്ട്. ഇവരുടെ പേഴ്‌സിൽ നിന്നും കാറിന്റെ സീ‌റ്റിനടിയിൽ നിന്നുമായാണ് നൂറ് ഗ്രാം കൊക്കെയിൻ പിടിച്ചെടുത്തത് എന്ന് പൊലീസ് അറിയിച്ചു.

എന്നാൽ തനിക്കെതിരായ നടപടി കെട്ടിച്ചമച്ചതാണെന്ന് ഗോസ്വാമി അറസ്‌റ്റിലായുടൻ വിളിച്ചു പറഞ്ഞു. ഇവരുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നയാളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് സംസ്ഥാന സർക്കാരിന് കീഴിലാണെന്നും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും സംഭവത്തിൽ അട്ടിമറി സൂചിപ്പിച്ച് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. എന്നാൽ പമേല ഗോസ്വാമിയെയും പ്രബീർ കുമാറിനെയും നിരന്തരം നിരീക്ഷിക്കുകയായിരുന്നുവെന്നും ഇവർക്ക് ലഹരിമരുന്ന് കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായുമാണ് പൊലീസ് നൽകുന്ന വിശദീകരണം.