
ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതൽ യോജിച്ച് പ്രവർത്തിച്ച് ഫെഡറലിസത്തെ അർത്ഥപൂർണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗൺസിലിന്റെ ആറാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ഇത്തരത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഇതാണ് ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നേട്ടത്തിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. സർക്കാർ കഴിഞ്ഞ കാലത്ത് ആവിഷ്‌കരിച്ച പദ്ധതികളായ വാക്‌സിനേഷൻ, സൗജന്യ വൈദ്യുതി കണക്ഷൻ, സൗജന്യ ഗ്യാസ് കണക്ഷൻ തുടങ്ങിയവ ജനങ്ങളുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ കൊണ്ടുവന്നു.
ഈ വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവമാണ് കാണിക്കുന്നത്. ഒട്ടും സമയം കളയാതെ മുന്നോട്ടു കുതിക്കാനുളള മനോഭാവമാണ് പ്രകടമാകുന്നത്. ആത്മനിർഭർ ഭാരത് ക്യാമ്പയിൻ വഴി രാജ്യത്തിന് ആവശ്യമായത് മാത്രമല്ല, ലോകത്തിനു വേണ്ട വസ്‌തുക്കൾ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ, രാജ്യത്ത് കൂടുതൽ ഉത്പാദനത്തിനുളള അവസരമായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
നീതി ആയോഗ് യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ‌്റ്റൻ അമരീന്ദർ സിംഗും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുത്തില്ല. നീതി ആയോഗ് ഗവേണിംഗ് കൗൺസിലിന് സാമ്പത്തിക അധികാരമില്ലെന്നും, അതിനാൽ യോഗം ഫലമില്ലാത്ത വെറും പ്രഹസനമാണെന്നുമാണ് മമത ബാനർജി അഭിപ്രായപ്പെട്ടത്. നീതി ആയോഗ് സംസ്ഥാനങ്ങളുടെ പദ്ധതിക്ക് പിന്തുണ കൊടുക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.