
തിരുവനന്തപുരം: ശാസ്ത്രീയമായി രീതിയിൽ സംസ്‌കരിക്കാൻ സൗകര്യങ്ങളില്ലാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ മാലിന്യങ്ങൾ അനിയന്ത്രിതമായ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗ ചികിത്സയുടെ ഭാഗമായി ആശുപത്രി വളപ്പിലെ മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് പച്ച നിറത്തിലുള്ള കവറുകളിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ആയിരക്കണക്കിന് സിറിഞ്ചുകൾ, ഗ്ളൗസുകൾ, പി.പി.ഇ കിറ്റുകൾ, രക്തം പുരണ്ട കോട്ടൺ ബാൻഡേജുകൾ തുടങ്ങിയവ അടക്കമുള്ളവ കൊണ്ട് ആശുപത്രി വളപ്പ് നിറഞ്ഞിരിക്കുകയാണ്. ഇവയൊക്കെ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സൗകര്യങ്ങളില്ലാത്തത് വെല്ലുവിളി ഉയർത്തുന്നു.
മാലിന്യങ്ങൾ കുന്നുകൂടിയതോടെ പരിസരവാസികൾ അടുത്തിടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയിരുന്നു. തുടർന്ന് ബോർഡ് ആശുപത്രിക്ക് നോട്ടീസ് അയച്ചു. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ മാലിന്യം കുന്നുകൂടിയതിന് മുകളിൽ മണ്ണിട്ട് താത്കാലികമായി മറയൊരുക്കി. എന്നാൽ, ഇപ്പോൾ വീണ്ടും മാലിന്യം നിക്ഷേപിക്കൽ തുടരുകയാണ്.
മേയ് 2020നും ഫെബ്രുവരി 9നും ഇടയിൽ 4186 ടൺ കൊവിഡ് ജൈവ മെഡിക്കൽ മാലിന്യങ്ങളാണ് സംസ്ഥാനത്ത് ആകെ സംസ്കരിച്ചത്. പ്രതിദിനം 15 ടണ്ണോളം കൊവിഡ് മാലിന്യങ്ങളും 35 ടൺ കൊവിഡ് ഇതര മാലിന്യങ്ങളുമാണ് ശേഖരിക്കുന്നത്. ഇതുകൂടാതെ 55 ടണ്ണോളം ജൈവ മെഡിക്കൽ മാലിന്യങ്ങളും ഓരോ ദിവസവും ശേഖരിക്കുന്നുണ്ട്.
നിലവിൽ കേരളത്തിൽ ബയോ മെഡിക്കൽ മാലിന്യം സംസ്‌കരിക്കാൻ പാലക്കാട് ജില്ലയിൽ മാത്രമാണ് സൗകര്യമുള്ളത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് കീഴിൽ ഗോസ് ഇക്കോ ഫ്രണ്ട്‌ലിയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. ഇവിടത്തെ സംസ്കരണശേഷി 40 ടൺ ആണ്. എന്നാൽ, കൊവിഡ് വ്യാപിച്ചതോടെ ജൈവ മെഡിക്കൽ മാലിന്യങ്ങൾ പ്രതീക്ഷിച്ചതിലും കൂടുകയായിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മികച്ച രീതിയിലാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
മാലിന്യങ്ങൾ കുന്നുകൂടിയതായുള്ള പരാതികൾ വ്യാപകമായതോടെ മലിനീകരണ നിയന്ത്രണ ബോർഡ് മാലിന്യ
സംസ്കരണ നടപടികൾ കർശനമായി നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചു തുടങ്ങി. നേരത്തെ 48 മണിക്കൂറിനകം മാലിന്യങ്ങൾ സംസ്‌കരിച്ചാൽ മതിയായിരുന്നു. എന്നാലിപ്പോൾ അത് 24 മണിക്കൂറായി കുറച്ചിട്ടുണ്ട്. കൊവിഡ് മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി ‘COVID19BWM’ എന്ന പേരിൽ ആപ്പും മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.