
തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ച് ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നിരാഹാരം കിടക്കുന്ന യൂത്ത് കോൺഗ്രസ് സമരപന്തലിലേയ്‌ക്ക് ഐക്യദാർഢ്യവുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയെത്തി. കോൺഗ്രസ് ഷാളണിഞ്ഞാണ് ധർമ്മജൻ നേതാക്കൾക്ക് അരികിലേക്ക് എത്തിയത്. ഏറെനേരം അദ്ദേഹം സമരപന്തലിൽ നേതാക്കൾക്കൊപ്പം ചെലവഴിച്ചു.
പി എസ് സി ഉദ്യോഗാർത്ഥികളുടേ വേദന കാണാനുളള മനസാക്ഷി സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ ഭരണാധികാരികൾക്കോ ഇല്ലെന്ന് ധർമ്മജൻ കുറ്റപ്പെടുത്തി. സമരത്തോടുളള സർക്കാരിന്റെ സമീപനം വളരെ വേദനാജനകമാണ്. കേരളത്തിൽ പൊതുവെ ലെഫ്റ്റ് റൈറ്റ് ലൈഫ്റ്റ് റൈറ്റെന്നാണ്. നമ്മൾ ഇനി റൈറ്റിലേക്ക് കടക്കേണ്ട സാഹചര്യമായെന്നും ധർമ്മജൻ പറഞ്ഞു.
ഇനി നമുക്ക് വേണ്ടത് റൈറ്റാണ്. റൈറ്റായാലേ ഈ രാജ്യം നന്നാകൂ. എന്നാൽ മാത്രമേ കേരളത്തിൽ ഐശ്വര്യം ഉണ്ടാവുകയുളളൂ. യു ഡി എഫ് അധികാരത്തിൽ വന്നാൽ പ്രശ്‌നങ്ങൾക്കെല്ലാം രമ്യമായ പരിഹാരമുണ്ടാകുമെന്നും ധർമ്മജൻ അഭിപ്രായപ്പെട്ടു.