
കൊല്ലം: ഇ.എം.സി.സി കമ്പനിയുമായി അമേരിക്കയിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി മേഴ്സിക്കുട്ടി അമ്മ. മത്സ്യനയം വിദേശ ട്രോളറുകൾക്കായി തിരുത്തി എന്ന ആരോപണത്തിന് മത്സ്യനയം വായിച്ച് മന്ത്രി മറുപടി നൽകി. ഇഎംസിസി അധികൃതർ തന്നെ ഓഫീസിൽ വന്ന് കണ്ടിട്ടുണ്ട്. ആളുകൾ വന്ന് കാണുന്നത് ഒരു അപരാധമല്ലെന്നും മന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തെ കുറിച്ച് ചർച്ച ചെയ്‌തിട്ടില്ല. സർക്കാരിന്റെ നയം അനുസരിച്ചേ ഏത് കാര്യവും തീരുമാനിക്കൂവെന്നും നയത്തെ ചോദ്യം ചെയ്യാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഓഫീസിൽ വന്ന് കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരം താഴരുതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യനയം സുതാര്യമാണെന്നും അതിനെ പ്രതിപക്ഷ നേതാവ് ദുർവ്യാഖ്യാനം ചെയ്‌തുവെന്നും ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുളളൂവെന്ന് മന്ത്രി പറഞ്ഞു. സ്വപ്‌ന സുരേഷുമായി പ്രതിപക്ഷനേതാവ് ഇരുന്നു എന്നുപറഞ്ഞ് സ്വർണക്കടത്തുമായി ചെന്നിത്തലയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കാനാകുമോ എന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. എവിടെയെങ്കിലും ആരെങ്കിലും എം.ഒ.യു ഒപ്പുവച്ചെന്ന് കരുതി ആർക്കെങ്കിലും കേരളത്തിൽ മത്സ്യബന്ധനം നടത്താനാകില്ല. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ അവർക്ക് മാത്രമാകും അതിൽ ഉത്തരവാദിത്വം. ആ ഉദ്യോഗസ്ഥരുടെ പൂതി കേരളത്തിൽ നടപ്പാകില്ലെന്നും മന്ത്രി പറഞ്ഞു.