covid-vaccine

ഫ്‌ളോറിഡ: കൊവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി മുതിർന്ന പൗരൻമാരുടെ വേഷം കെട്ടിയെത്തിയ രണ്ട് യുവതികൾ പിടിക്കപ്പെട്ടു. മുതിർന്ന പൗരൻമാരാണെന്ന് തോന്നിപ്പിക്കുന്നതരത്തിൽ കൈയുറകളും കണ്ണടകളും തൊപ്പികളും ധരിച്ച് ഇവർ ഒർലാൻഡോയിലെ ഓറഞ്ച് കൺവെൻഷൻ സെന്ററിൽ കുത്തിവയ്‌പ്പെടുക്കുന്നതിനായി എത്തുകയായിരുന്നു. മുപ്പത്തിനാലും നാൽപത്തിനാലും വയസുളള യുവതികളെ ഈ പ്രവർത്തിയുടെ പേരിൽ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും അയോഗ്യരാക്കിയിട്ടുണ്ട്.

ബുധനാഴ്ച രണ്ടാംഘട്ട വാക്സിൻ സ്വീകരിക്കുന്നതിനായെത്തിയപ്പോഴാണ് യുവതികൾ പിടിക്കപ്പെട്ടത്. ആദ്യവട്ടം പിടിക്കപ്പെടാതെ വാക്സിൻ സ്വീകരിക്കാൻ ഇവർക്കെങ്ങനെ കഴിഞ്ഞെന്നറിയില്ലെന്ന് ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹെൽത്ത് ഇൻ ഓറഞ്ച് കൺട്രിയിൽ നിന്നുളള ഡോ. പൗൾ പിനോ പറഞ്ഞു.

യുവതികളുടെ കൈയിൽ ചട്ടമനുസരിച്ചുളള സിഡിആർ കാർഡ്, വാക്സിനേഷൻ കാർഡ് എന്നിവയുണ്ടായിരുന്നു. എന്നാൽ അവരുടെ തിരിച്ചറിയൽകാർഡിലും ഡ്രൈവിംഗ് ലൈസൻസിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവരെ കണ്ട വാക്സിനെടുക്കുന്നവർക്ക് സംശയം തോന്നുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നെന്ന് പിനോ ഫോക്സ് ന്യൂസിനോട് പറഞ്ഞു. യുവതികൾ വാക്സിൻ രജിസ്‌ട്രേഷനായി ഉപയോഗിച്ച ജനനതീയതിയിൽ പൊരുത്തക്കേടുണ്ടായിരുന്നെങ്കിലും പേര് ശരിയായിരുന്നെന്ന് ഓറഞ്ച് കൺട്രി ഷെരിഫും വ്യക്തമാക്കിയിട്ടുണ്ട്.