monolith

കിൻഷാന: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നിഗൂഡ ഏകശില കോംഗോയിലും. . 14നാണ് ഏകശില നഗരമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഏകശില കാണാനായി നിരവധി പേരാണ് രാജ്യതലസ്ഥാനമായ കിൻഷാനയിലെത്തിയത്. ശിലയെക്കുറിച്ച് നിരവധി അവിശ്വസനീയ കഥകൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ശില അടിച്ച് തകർത്ത് അഗ്നിക്കിരയാക്കി.

മൂന്ന് മീറ്ററോളം ഉയരമുള്ള ഏകശിലയുടെ അകം പൊള്ളയായിരുന്നു. കല്ലെറിഞ്ഞും വടികൊണ്ടടിച്ചും തകർത്ത ശേഷമാണ് ജനങ്ങൾ ശില തീവച്ച് നശിപ്പിച്ചത്. ഇതിന്റെ ഭാഗങ്ങൾ ഗവേഷണാവശ്യങ്ങൾക്കായി കൈമാറിയിട്ടുണ്ടെന്ന് പ്രാദേശിക മേയറായ ബേയ്‌ലൺ ഗെയ്ബെനെ വ്യക്തമാക്കി. ഏകശില പ്രത്യക്ഷപ്പെട്ട മറ്റ് രാജ്യങ്ങളിലെല്ലാം കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത് അപ്രത്യക്ഷമാകുന്നതാണ് പതിവ്.

ഫെബ്രുവരി ആദ്യം തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ സൻലി ഉർഫയിലും മൂന്ന് മീറ്ററോളം ഉയരമുള്ള ഏകശില കണ്ടെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് അപ്രത്യക്ഷമായി.

 നിഗൂഡത പരത്തുന്ന ഏകശില

അമേരിക്കൻ സംസ്ഥാനമായ യൂട്ടയിലെ മരുഭൂമി പ്രദേശത്ത് കഴിഞ്ഞവർഷമാണ് ഏകശില ആദ്യം പ്രത്യക്ഷപ്പെട്ടത്. 2020 നവംബർ 12ന് ഇതുവഴി പോയ ഹെലിക്കോപ്റ്റർ സംഘം ഇതു കണ്ടെത്തി. പിന്നീട്,ഏകശിലാ സിദ്ധാന്തങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. പന്ത്രണ്ടടിയോളം പൊക്കമുള്ളതായിരുന്നു ഈ ഏകശില ഇവിടെ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. രണ്ടാഴ്ചയ്ക്ക് ശേഷം ശില 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചു.എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

യൂട്ടായ്ക്കു ശേഷം പിന്നീട് യൂറോപ്യൻ രാജ്യമായ റുമേനിയയിലാണ് ഏകശില പ്രത്യക്ഷപ്പെട്ടത്.

ഇതും പിന്നീട് അപ്രത്യക്ഷമായി. പിന്നീട്, കാലിഫോർണിയയിലും ശില പ്രത്യക്ഷപ്പെട്ടു.

 ഏകശിലാ സിദ്ധാന്തങ്ങൾ

ഏകശിലകൾ അന്യഗ്രഹജീവികൾ സ്ഥാപിച്ചതാണെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഏതോ ഉപഗ്രഹത്തിൽ നിന്ന് അടർന്നു വീണതാണെന്ന വാദവുമുണ്ട്. സ്റ്റാർട്രക്ക് പോലെ ഒട്ടേറെ സയൻസ് ഫിക്‌ഷൻ സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് യൂട്ടായിലെ മരുഭൂമി.അന്നു ചിത്രീകരണത്തിനുപയോഗിച്ച ഏതോ സാമഗ്രിയാകാം ഇതെന്നായിരുന്നു മറ്റൊരു വാദം.എന്നാൽ,

ഒരു ലാൻഡ് ആർട്ടാകാം ഏകശിലകളെന്ന് യൂട്ടാ അധികൃതർ വ്യക്തമാക്കിയിരുന്നു.

ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ പല ക്രോപ്പ് സർക്കിളുകളും ലാൻഡ് ആർട്ടിൽ താൽപര്യമുള്ളവരുടെ കൗശലമായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

 സ്പേസ് ഒഡീസി

1968ൽ പുറത്തിറങ്ങി പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ സർ ആർതർ സി. ക്ലാർക്ക് തിരക്കഥ എഴുതിയ സ്പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രത്തിൽ ഏകശില പ്രധാന കഥാതന്തുവാണ്.
ആദിമ കാല മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹത്തിൽ നിന്നുള്ള ഏകശിലകൾ സ്വാധീനം ചെലുത്തിയെന്നാണ് ചിത്രത്തിൽ പറയുന്നത്. ഈജിപ്തിൽ പിരമിഡ‍ുകളുടെ സമീപം കണ്ടെത്തിയിട്ടുള്ള ഒബെലിസ്കുകൾക്കും ഈ ഏകശിലാരൂപങ്ങളുമായി സാമ്യമുണ്ട്.

പ്രാചീന കാലത്ത് അന്യഗ്രഹജീവികൾ ഭൂമിയിലെത്തി നിർമിച്ചതാണ് ഒബലിസ്കുകൾ എന്ന് വാദിക്കുന്നവരുണ്ട്. ഏകശില സ്ഥാപിച്ചതിലൂടെ ഇത്തരം നിഗൂഢസിദ്ധാന്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാനും ഇതു സ്ഥാപിച്ചവർ ലക്ഷ്യമിട്ടുകാണും.