rajini-kamal

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മക്കൾ നീതി മയ്യം പാർട്ടി അദ്ധ്യക്ഷൻ കമലഹാസൻ, സൂപ്പർ സ്റ്റാർ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം.

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമലഹാസൻ അദ്ദേഹത്തെ സന്ദർശിച്ചത്.

ഞായറാഴ്ച കമലഹാസന്റെ പാർട്ടി ഒരു വലിയ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഈ ചടങ്ങിൽ പ്രഖ്യാപിക്കും. രജനികാന്തിന്റെ പിന്തുണ തേടുമെന്നും കമൽ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് രജനി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടി രൂപീകരിക്കുന്നില്ലെന്ന് മാത്രമാണ് താരം പറഞ്ഞതെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും രജനികാന്ത് മക്കൾ മൺഡ്രം നേതാവ് തമിഴരുവി മണിയൻ അടുത്തിടെ പറഞ്ഞിരുന്നു.

കമലഹാസന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. ഞായറാഴ്ച മുതൽ അപേക്ഷ നൽകാം. 25,000 രൂപയാണ് ഫീസ്. പാർട്ടി അംഗങ്ങളല്ലാത്തവർക്കും അപേക്ഷിക്കാം.