harry-and-meghan

ലണ്ടൻ: രാജകീയ പദവികൾ പൂർണമായും വേണ്ടെന്ന് വച്ച് ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലും. ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കും രാജപദവികളിലേക്കും ഇനിയൊരു തിരഞ്ഞ് നോട്ടമില്ലെന്ന് ഇരുവരും എലിസബനത്ത് രാജ്ഞിയെ അറിയിച്ചെന്നാണ് റിപ്പോർട്ട്.മേഗൻ രണ്ടാമത്തെക്കുഞ്ഞിനെ ഗർഭം ധരിച്ചരിക്കുകയാണെന്ന വാർത്ത ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്നതിന്റെ പിന്നാലെയാണിത്. ഹാരി - മേഗൻ ദമ്പതിമാരുടെ തീരുമാനത്തിൽ ദുഃഖമുണ്ടെന്നും എന്നാൽ,​ അവരെന്നും രാജകൊട്ടാരത്തിന് പ്രിയപ്പെട്ടവരായിരിക്കുമെന്നും രാജകുടുംബത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. രാജപദവികളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇരുവരും സേവനപ്രവർത്തനങ്ങൾ തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

മെഗ്സിറ്റ്

2020ലാണ് ഹാരിയും മേഗനും രാജകൊട്ടാരം വിടാൻ തീരുമാനിച്ചത്. ഇരുവരും തീരുമാനത്തിൽ ഉറച്ച് നിന്നതോടെ എലിസബത്ത് രാജ്ഞിയും സമ്മതം മൂളി. മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടിയാണ് രാജകീയ പദവികൾ ഉപേക്ഷിച്ചതെന്നാണ് ഹാരിയും മേഗനും പറഞ്ഞത്. എന്നാൽ,​ ജ്യേഷ്ഠനായ വില്യമുമായി ഹാരിയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽടണും മേഗനും തമ്മിൽ മാനസിക അടുപ്പമില്ലാതിരുന്നെന്നും ഇതെല്ലാം രാജകൊട്ടാരം വിടാനുള്ള കാരണമായെന്നും റിപ്പോർട്ടുകളുണ്ട്. കേറ്റിന് നൽകിയ സ്നേഹം ബ്രിട്ടീഷ് ജനത മേഗന് നൽകിയിരുന്നില്ല. കടുത്ത വംശവെറിയ്ക്ക് ഇരയായിരുന്നു മേഗൻ. മേഗന്റെ അച്ഛൻ വെള്ളക്കാരനായിരുന്നെങ്കിലും അമ്മ ആഫ്രിക്കൻ വംശജയായിരുന്നു. മേഗന്റെ നിറത്തെപ്പോലും ജനങ്ങൾ അവഹേളിച്ചു. ഹാരിയേക്കാൾ പ്രായത്തിൽ മൂത്തതാണ് മേഗൻ, അവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇക്കാരണങ്ങളും മേഗനെ വിമർശിക്കാൻ ബ്രിട്ടീഷ് ജനത ആയുധമാക്കിയെന്നും, രാജകൊട്ടാരത്തിൽ നിന്ന് പുറത്ത് പോകാൻ ഈ പ്രശ്നങ്ങളും കാരണമായെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.