
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയേകാൻ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന 'വിദ്യാശ്രീ" പദ്ധതിയിലൂടെ 10 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ലാപ്ടോപ്പ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീൻ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്‌തു.
കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയപ്പോൾ ലാപ്‌ടോപ്പ് വാങ്ങാൻ കഴിയാതിരുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതാണ് പദ്ധതി. സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങളുടെ മക്കൾക്കാണ് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നത്. പരമാവധി ഡിസ്‌കൗണ്ടോടെയാണ് ലാപ്‌ടോപ്പ് നൽകുന്നത്. 500 രൂപ വീതം 30 മാസം അടയ്ക്കുന്നതാണ് പദ്ധതി. മൂന്നുമാസത്തെ അടവിന് ശേഷം (1,500 രൂപ) ലാപ്‌ടോപ്പ് വായ്‌പയായി നൽകും. വായ്‌പയുടെ അഞ്ചുശതമാനം സർക്കാരും നാലു ശതമാനം കെ.എസ്.എഫ്.ഇയും വഹിക്കും.
1.44 ലക്ഷം അപേക്ഷകൾ
വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതിയിൽ ഇതുവരെ 1.44 ലക്ഷം അയൽക്കൂട്ട അംഗങ്ങൾ അപേക്ഷ നൽകി. ഇതിൽ 1.23 ലക്ഷം പേർ ലാപ്‌ടോപ്പ് വാങ്ങാൻ തയ്യാറായി. 17,343 പേർ ലാപ്‌ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു.