
ബാഗ്ലൂർ: ഈ മാസം ആദ്യം ബാഗ്ലൂരിൽ നടന്ന 'എയ്‌റോ ഇന്ത്യ 2021' വ്യോമപ്രദർശനത്തിനിടെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ യുദ്ധവിമാനത്തിൽ സവാരിനടത്തിയതിനെതിരെ പാർട്ടിയിലും സാമൂഹിക മാദ്ധ്യമങ്ങളിലും വിമർശനം. പ്രതിരോധ വകുപ്പിന്റെ ഒരു തരത്തിലുമുള്ള ചുമതലയും ഇല്ലാത്ത തേജസ്വി സൂര്യ, സ്വന്തം മണ്ഡലത്തിന്റെ പരിധിയിൽ അല്ലാതിരുന്നിട്ടും എങ്ങനെ വിനോദ സവാരി നടത്തി എന്ന ചോദ്യം ബി.ജെ.പി. എം.പി. മാരടക്കം ഉയർത്തിയതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
''പ്രതിരോധകാര്യ പാർലമെന്ററി സമിതിയിലെങ്കിലും തേജസ്വി സൂര്യ അംഗമായിരുന്നുവെങ്കിൽ ഇത്തരത്തിൽ യാത്ര നടത്തിയത് മനസിലാക്കാമായിരുന്നു'' വെന്ന് ഒരു മുതിർന്ന ബി.ജെ.പി. നേതാവ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ലോക്സഭയിൽ ദിവസങ്ങളോളം ഹാജരാകാതെ യുദ്ധവിമാനത്തിൽ സവാരി നടത്തിയതിനെതിരെയും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.
Sharing more pictures onboard the Tejas aircraft.#CelebrateLCATejas pic.twitter.com/UBMfbFySSb
— Tejasvi Surya (@Tejasvi_Surya) February 4, 2021
ഇത്തരം സവാരികൾ സാധാരണയായി പ്രധാനപ്പെട്ട വിശിഷ്ടാതിഥികൾ, സർക്കാരിലെ ഉന്നത നേതൃത്വത്തിലുളളവർ, പ്രതിരോധ റിപ്പോർട്ടിംഗ് ചുമതലയുള്ള മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് അനുവദിക്കാറുണ്ട്. രണ്ട് പേർക്ക് മാത്രം ഇരിക്കാവുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു യാത്രക്ക് ശരാശരി എട്ട് മുതൽ പത്ത് ലക്ഷംവരെ ചെലവ് വരും. ഇന്ധനം, ലൂബ്രിക്കൻഡുകൾ, പാരച്യൂട്ട് ഉൾപ്പെടെ ഓരോ യാത്രയിലും കരുതേണ്ട കാര്യങ്ങൾ കൂടി ചേർന്നതാണ് ഈ കണക്ക്. പ്രതിരോധ ഗവേഷണ, വികസന വകുപ്പിന് കീഴിലെ വ്യോമയാന വികസന ഏജൻസിയാണ് വിനോദ സവാരിക്ക് അനുമതി നൽകുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത്തരം ആഡംബര യാത്രകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇതിനോടകം സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനം ഉയർന്നു കഴിഞ്ഞു.