
ചിറയിൻകീഴ്: വലിയകട ജംഗ്ഷൻ - ശാർക്കര റോഡിന്റെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു. ഇതിനായി സർക്കാർ എട്ട് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കാനുമാണ് തുക അനുവദിച്ചത്. ഈ റോഡിന്റെ വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക് ഇവിടെ പതിവാണ്.
വലിയകട മുതൽ ശാർക്കര ബൈപ്പാസ് വരെയുള്ള 800 മീറ്റർ റോഡ് 12 മീറ്റർ വീതിയിലാണ് പുനർ നിർമ്മിക്കുന്നത്. നിലവിൽ റോഡിന് 6 മീറ്റർ വീതിയാണ് പല സ്ഥലങ്ങളിലും. നിലവിലെ റോഡിന്റെ സെന്ററിൽ നിന്ന് ആറ് മീറ്റർ വീതിയിൽ ഇരുവശങ്ങളിൽ നിന്നും സ്ഥലം എടുത്തായിരിക്കും പുനർ നിർമ്മാണം. ഇതിനായി 1.70 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരും. കൂടാതെ അൻപതോളം കടകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് നിന്ന് പൂർണമായോ ഭാഗികമായോ സ്ഥലം ഏറ്റെടുക്കണം. ഇതിനുള്ള തുക കൂടി വകയിരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.
2010 ൽ പദ്ധതി നടത്തിപ്പിനായി ചിറയിൻകീഴ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി നടത്തിയ സർവ കക്ഷി യോഗത്തിൽ റോഡിന് ഇരുവശവുമുള്ള ഭൂ ഉടമകളും വ്യാപാരികളും പദ്ധതിക്കായി സ്ഥലം നൽകാമെന്ന് സമ്മതം അറിയിച്ചിരുന്നു. റോഡ് നിർമ്മാണത്തിനായി സ്ഥലമേറ്റടുക്കലിന് നടപടിക്രമം ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു.