ishan-kishan

ഇൻഡോർ : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ദിനം ഇടിവെട്ട് പ്രകടനം കാഴ്ചവച്ച ഇശാൻ കിഷന്റെ മികവിൽ റെക്കാഡുകൾ തിരുത്തിയെഴുതി ജാർഖണ്ഡിന്റെ വിജയം. ധോണിയുടെ നാട്ടിൽ നിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയാകാനൊരുങ്ങുന്ന ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ഇശാൻ കിഷൻ മദ്ധ്യപ്രദേശിനെതിരായ മത്സരത്തിൽ ഓപ്പണറായിറങ്ങി വെറും 94 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 173 റൺസാണ്. ആദ്യ ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 422 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിയപ്പോൾ മദ്ധ്യപ്രദേശ് 98 റൺസിന് ആൾഔട്ടായി.

അനായാസം ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇശാന്, നിർഭാഗ്യം കൊണ്ട് മാത്രമാണ് അതുല്യ നേട്ടം നഷ്ടമായത്. 28–ാം ഓവറിന്റെ നാലാം പന്തിൽ ഗൗരവ് യാദവിന്റെ പന്തിൽ ശുഭം ശർമയ്‌ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുമ്പോഴേയ്ക്കും 94 പന്തിൽ 19 ഫോറും 11 സിക്സും സഹിതം ഇശാൻ നേടിയത് 173 റൺസ്. ഇതിനിടെ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയായി. രണ്ടാം വിക്കറ്റിൽ കുശാഗ്ര കുമാറിനൊപ്പം 113, മൂന്നാം വിക്കറ്റിൽ വിരാട് സിംഗിനൊപ്പം 117 റൺസ് എന്നിങ്ങനെയാണ് കിഷൻ കൂട്ടിച്ചേർത്തത്. അഞ്ചാം വിക്കറ്റിൽ സുമിത് കുമാർ – അനുകൂൽ റോയ് സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ജാർഖണ്ഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഓപ്പണർ ഉത്‌കർഷ് സിംഗ് പുറത്ത്. ആറു പന്തിൽ ആറു റൺസെടുത്ത സിംഗിനെ ചന്ദ്ര പാണ്ഡെയാണ് പുറത്താക്കിയത്. ഇതിനുശേഷമായിരുന്നു ഇശാന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് താരങ്ങളുടെ തിരിച്ചടി. 48 ഓവർ പൂർത്തിയാകുമ്പോൾ 411 റൺസെന്ന നിലയിലായിരുന്ന ജാർഖണ്ഡിന്, അവസാന രണ്ട് ഓവറിൽ കൂട്ടത്തോടെ വിക്കറ്റ് നഷ്ടമായത് കൂടുതൽ മികച്ച സ്കോർ നഷ്ടമാക്കി. അവസാന 14 പന്തിൽ വെറും 11 റൺസിനിടെ അഞ്ച് വിക്കറ്റുകളാണ് ജാർഖണ്ഡ് നഷ്ടമാക്കിയത്. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി.

പിന്നീട് മറുപടി ബാറ്റിങ്ങിൽ മധ്യപ്രദേശ് നേരിട്ടത് കൂട്ടത്തകർച്ചയാണ്. മധ്യപ്രദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. ഓപ്പണർ അഭിഷേക് ഭണ്ഡാരി (57 പന്തിൽ 42), വെങ്കടേഷ് അയ്യർ (17 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 23 റൺസ്) എന്നിവർ. ഒൻപത് പേർ ഒറ്റയക്കത്തിൽ ഒതുങ്ങി. ഇതിൽ ക്യാപ്ടൻ പാർഥ് സഹാനി ഉൾപ്പെടെ നാലു പേർ പൂജ്യത്തിന് പുറത്തായി. 5.4 ഓവറിൽ 37 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത വരുൺ ആരോണിന്റെ പ്രകടനമാണ് മധ്യപ്രദേശിനെ തകർത്തത്.

422/9

വിജയ് ഹസാരെ ട്രോഫിയിലെ റെക്കാഡ് സ്കോറാണ് ജാർഖണ്ഡ് പടുത്തുയർത്തിയത്. 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ജാർഖണ്ഡ് നേടിയ 422 റൺസ്, ഏകദിന ഫോർമാറ്റിൽ ഒരു ആഭ്യന്തര ടീമിന്റെ ഉയർന്ന സ്കോറാണ്. 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിന്റെ റെക്കോർഡാണ് തകർന്നത്.

325

ജാർഖണ്ഡ് നേടിയ 325 റൺസിന്റെ വിജയം ഇത് ലിസ്റ്റ് എ ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ റൺസ് മാർജിനാണ്. ഒന്നാമതുള്ളത് 1990ൽ ഡിവോണിനെതിരെ സോമർസെറ്റ് നേടിയ 346 റൺസിന്റെ വിജയമാണ്. വിജയ് ഹസാരെ ട്രോഫിയിൽ 2018ൽ സിക്കിമിനെതിരെ ബിഹാർ നേടിയ 292 റൺസ് വിജയത്തിന്റെ റെക്കാഡ് ജാർഖണ്ഡ് തകർത്തു.

173

94 പന്തുകളിൽ 19 ഫോറും 11 സിക്സും പറത്തിയാണ് ഇശാൻ 173 റൺസ് വാരിക്കൂട്ടിയത്.