
പോഗ്യാംഗ്: മ്യാൻമറിലെ മാൻഡലിൽ പട്ടാള അട്ടിമറിയ്ക്കെതിരെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. തുറമുഖത്ത് നടന്ന റെയ്ഡിനിടെയാണ് വെടിവയ്പ്പുണ്ടായത്.
നൂറിലധികം സേനാംഗങ്ങളാണ് മാൻഡലിൽ എത്തിയത്. പൊലീസിനെ കണ്ട ജനങ്ങൾ ഇവർക്കെതിരെ മുദ്രാവാക്യം മുഴക്കി. പ്രദേശത്ത് നിന്ന് പോകാനും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് റബർ ബുള്ളറ്റുകളും സ്ലിംഗ്ഷോട്ട് ബോളുകളും ഉപയോഗിച്ച് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആംഗ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നൂറ് കണക്കിന് പേരെയാണ് സേന അറസ്റ്റ് ചെയ്തത്. ഇതിൽ പലരും നിസഹരണ പ്രസ്ഥാനത്തിൽ പങ്കുചേർന്ന് ജോലി ചെയ്യാൻ വിസമ്മതിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകരും നടന്മാരും ഉൾപ്പെടെ ആറ് സെലിബ്രിറ്റികൾക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.
 മ്യായ്ക്ക് ആദരാഞ്ജലി
പ്രതിഷേധത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മ്യാ ത്വാട്ടേ ഖയിംഗ് എന്ന യുവതി വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. പൊലീസ് നടത്തിയ വെടിവയ്പ്പിനിടെ തലയിൽ പരിക്കേറ്റ് ഫെബ്രുവരി ഒൻപത് മുതൽ ചികിത്സയിലായിരുന്നു മ്യാ. യാംങ്കോണിൽ മ്യായ്ക്കായി ഇന്നലെ സംഘടിപ്പിച്ച ചടങ്ങിൽ നിരവധിപേരാണ് അവളുടെ ജീവൻ തുടിക്കുന്ന ചിത്രത്തിന് താഴെ പൂക്കളർപ്പിച്ചത്. സമരത്തിന്റെ മുഖമാണ് മ്യായെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.