
വിജയ്‌ഹസാരെ ട്രോഫിയിൽ റോബിൻ ഉത്തപ്പയ്ക്ക് സെഞ്ച്വറി(107)
ഒഡീഷയെ മഴക്കളിയിൽ 34 റൺസിന് തകർത്ത് കേരളം
ബംഗളുരു : വെറ്ററൻ താരം റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയും ശ്രീശാന്തിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവും ഇടയ്ക്കിടെ പെയ്ത മഴയും ഇടകലർന്ന വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. മഴമൂലം 45 ഓവറാക്കി ചുരുക്കിയ എലീറ്റ് ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ മഴനിയമപ്രകാരം 34 റൺസിനാണ് കേരളത്തിന്റെ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഒഡീഷ നിശ്ചിത 45 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 38.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു നിൽക്കെ വീണ്ടും മഴയെത്തിയതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.
ദീർഘകാലത്തിനുശേഷം ഏകദിന ഫോർമാറ്റിൽ കളിക്കാനിറങ്ങിയ ശ്രീശാന്ത് രണ്ടു വിക്കറ്റുകളാണ് നേടിയത്. വിജയത്തോടെ എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് നാലു പോയിന്റായി. കേരളത്തിന്റെ അടുത്ത മത്സരം 22ന് ഉത്തർപ്രദേശിനെതിരെയാണ്.
ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് ഉത്തപ്പ 85 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം നേടിയ 107 റൺസാണ് കരുത്തായത്. ഓപ്പണിംഗിൽ വൈസ് ക്യാപ്ടൻ വിഷ്ണു വിനോദിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഉത്തപ്പ മികച്ച തുടക്കം സമ്മാനിച്ചത്. വിഷ്ണു 24 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്ത് പുറത്തായി. ക്യാപ്ടൻ സച്ചിൻ ബേബിയും റോബിൻ ഉത്തപ്പയും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടും (100 പന്തിൽ 102) നിർണായകമായി.
സച്ചിൻ ബേബി 55 പന്തിൽ രണ്ടു ഫോറുകൾ സഹിതം 40 റൺസെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത വത്സൽ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം കേരളത്തെ വിജയതീരമണച്ചു. വത്സൽ ഗോവിന്ദ് 40 പന്തിൽ മൂന്നു ഫോറുകൾ സഹിതം 29 റൺസോടെയും മുഹമ്മദ് അസ്ഹറുദ്ദീൻ 21 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 23 റൺസോടെയും പുറത്താകാതെ നിന്നു. അതേസമയം, സഞ്ജു സാംസൺ (അഞ്ച് പന്തിൽ നാല്) നിരാശപ്പെടുത്തി. ഒഡീഷയ്ക്കായി സൗരഭ് കനോജിയ മൂന്നു വിക്കറ്റ് വീഴ്ത്തി.