cricket

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളത്തിന് ഒഡീഷക്കെതിരെ മിന്നുന്ന ജയം. 45 ഓവറായി പരിമിതപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാ‌റ്റ് ചെയ‌്‌ത ഒഡീഷ എട്ട് വിക്ക‌റ്റ് നഷ്‌ടത്തിൽ 258 റൺസ് നേടി. മറുപടി ബാ‌റ്റിംഗിനിറങ്ങിയ കേരളം റോബിൻ ഉത്തപ്പയുടെ സെഞ്ചുറി(107)യോടെ വിജയം കരസ്ഥമാക്കി.

ഓപ്പണർമാരായ ഗൗരവ് ചൗധരി, സന്ദീപ് പട്‌നായിക്ക് എന്നിവർ മികച്ച തുടക്കമാണ് ഒഡീഷയ്‌ക്ക് നൽകിയത്. ഓപ്പണിംഗ് വിക്ക‌റ്റിൽ 119 റൺസ് ചേർത്ത ഇവരുടെ കൂട്ടുകെട്ട് തകർത്തത് നായകൻ സച്ചിൻ ബേബിയാണ്. സന്ദീപിനെ ശ്രീശാന്ത് മടക്കിയതോടെ പിന്നീട് വന്ന ബാ‌റ്റ്സ്‌മാൻമാർക്ക് പൊരുതാനാകാതെയായി. എന്നാൽ 40 പന്തിൽ 45റൺസ് നേടി കാർത്തിക് ബിസ്വാൾ പുറത്താകാതെ നിന്നു.

മറുപടി ബാ‌റ്റിംഗിനിറങ്ങിയ കേരളവും കരുതിയാണ് തുടങ്ങിയത് എന്നാൽ സ്‌കോർ 61ലെത്തിയതും വിഷ്‌ണു വിനോദ് (24 പന്തുകളിൽ 28) പുറത്തായി. വിഷ്‌ണുവിനൊപ്പം ഓപ്പൺ ചെയ്‌ത ഉത്തപ്പ മികച്ച പ്രകടനമാണ് പുറത്തെടുത്തത് 85 പന്തുകളിലാണ് ഉത്തപ്പ 107 റൺസ് നേടിയത്. നായകൻ സച്ചിൻ ബേബി (40), സഞ്ജു സാംസൺ(4) എന്നിവർ പുറത്തായപ്പോൾ മുഹമ്മദ് അസറുദ്ദീൻ(23) വത്സൽ ഗോവിന്ദ്(29) എന്നിവ‌ർ പുറത്താകാതെ നിന്നു. സ്‌കോർ 38 ഓവറിൽ 233 റൺസിൽ നിൽക്കവെ മഴയെത്തി. തുടർന്ന് വി.ജയദേവൻ മഴ നിയമപ്രകാരം 34 റൺസിന് കേരളം വിജയിച്ചതായി പ്രഖ്യാപിച്ചു. കേരളത്തിനായി ശ്രീശാന്ത്, നിധീഷ്,ജലജ് സക്‌സേന എന്നിവർ രണ്ട് വി‌ക്കറ്റുകൾ വീഴ്‌ത്തി.