honeymoon

ലക്‌നൗ: യുവതിയുടെ സ്വകാര്യ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

ഉത്തർപ്രദേശിലെ നഖാസ സ്വദേശിയായ 22കാരനെയാണ് സാംബൽ സ്വദേശിയായ 20കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷം മുൻകാമുകനായ 22കാരൻ സ്വകാര്യ വീഡിയോകൾ യുവതിയുടെ ഭർത്താവിന് അയച്ചു നൽകുകയായിരുന്നു.

ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മുൻകാമുകനായ 22കാരൻ സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ചു നൽകി. ഇതോടെ ഭർത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

വസ്ത്ര നിർമാണശാലയിലെ തൊഴിലാളിയായ പ്രതിയും യുവതിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിവായി ഇയാൾ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളും ഇയാൾ മൊബൈലിൽ പകർത്തി. എന്നാൽ, ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

തുടർന്ന് യുവതി മൊബൈൽ നമ്പറടക്കം മാറ്റി. ഫെബ്രുവരി എട്ടിന് മറ്റൊരാളുമായുള്ള വിവാഹവും നടന്നു. പക്ഷേ, മുൻ കാമുകൻ ഭർത്താവിന് പഴയ സ്വകാര്യവീഡിയോകൾ അയച്ചുനൽകിയെന്നും ഇത് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തെന്നും ബനിയാഥർ എസ്.എച്ച്.ഒ. രാകേഷ് കുമാർ അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവർക്കും കൗൺസിലിംഗ് അടക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.