
ബെർലിൻ: അഴിച്ചുവച്ച മാസ്ക് മറന്ന ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കലിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. പ്രസംഗ സമയത്ത് അഴിച്ച് വച്ച മാസ്ക് എടുക്കാൻ മറന്ന് ഏഞ്ചല സീറ്റിൽ വന്നിരിക്കുന്നു. അൽപ്പ സമയത്തിനുള്ളിൽ, മാസ്ക് മറന്ന കാര്യമോർത്ത് ഏഞ്ചല ഞെട്ടുന്നു. തുടർന്ന്, വേഗത്തിൽ നടന്ന് സ്പീച്ച് ടേബിളിന് അരികെ എത്തുന്ന ഏഞ്ചല, ശുചീകരണ തൊഴിലാളിയുടെ പക്കൽ നിന്നും തന്റെ മാസ്ക് തിരികെ വാങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. മാസ്ക് ധരിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന വീഡിയോ എന്ന രീതിയിലാണ് ദൃശ്യങ്ങൾ വൈറലാകുന്നത്.