
ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിലെ വയലിൽ രണ്ട് പെൺകുട്ടികളെ വിഷബാധയേറ്റ്
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്നും പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കീടനാശിനി കലർന്ന വെള്ളം കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിനയ് (ലംബു,18) പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു.
മൂന്ന് പെൺകുട്ടികൾക്കും കീടനാശിനി കലർത്തിയ വെള്ളം നൽകിയെന്നാണ് പ്രതികളുടെ മൊഴി. അവസാനം വെള്ളം കുടിച്ച പെൺകുട്ടി വിഷം ഉള്ളിൽച്ചെന്ന നിലയിൽ ഇപ്പോഴും കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പെൺകുട്ടികളുടെ തൊട്ടടുത്ത ഗ്രാമത്തിലാണ് വിനയുടെ വീട്. കുട്ടികളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിന്റെ തൊട്ടടുത്താണ് ഇയാളുടെ ഫാം. ലോക്ഡൗൺ കാലത്താണ് വിനയ് പെൺകുട്ടികളുമായി പരിചയത്തിലാകുന്നത്. നാലുപേരും അടുത്ത സൗഹൃദത്തിലായി. പല ദിവസങ്ങളിലും നാലുപേരും ചേർന്ന് ഭക്ഷണം പങ്കിട്ടിരുന്നു. ഇതിനിടെയാണ്, മൂന്ന് പെൺകുട്ടികളിൽ ഒരാളോട് പ്രണയം തോന്നിയത്. പ്രണയാഭ്യത്ഥന നിരസിച്ചതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
കൂട്ടാളിയായ ആൺകുട്ടിക്കൊപ്പം ചേർന്ന് വെള്ളത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ, സംഭവ ദിവസം മൂവരും വെള്ളം കുടിച്ചതോടെ മറ്റു രണ്ടു പേരും ക്രൂരതയ്ക്കിരയാവുകയായിരുന്നു.
മറ്റ് രണ്ടുപേർ വെള്ളം കുടിക്കുന്നത് തടയാൻ വിനയ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ മൂന്നാമത്തെ കുട്ടിയും വെള്ളം കുടിച്ചു. വായിൽ നിന്ന് നുരയും പതയും വന്ന് കുട്ടികൾ തളർന്നുവീണതോടെ വിനയും കൂട്ടാളിയും വയലിൽ നിന്ന് ഓടിരക്ഷപ്പെട്ടു.
പെൺകുട്ടികളെ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു സിഗരറ്റ് കുറ്റിയും ഒഴിഞ്ഞ വെള്ളത്തിന്റെ കുപ്പിയും പൊലീസ് കണ്ടെടുത്തിരുന്നു. ഇരുവരും വയലിൽനിന്ന് ഓടിപ്പോകുന്നത് കണ്ടതായി പരിസരവാസികളും മൊഴി നൽകി. സംഭവസമയത്ത് വിനയ് വയലിൽ ഉണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ, വിനയിനെ പിടികൂടി ചോദ്യംചെയ്തതോടെ സംഭവത്തിൽ ചുരുളഴിയുകയായിരുന്നു.