face-blindness

ലണ്ടൻ: സ്വന്തം മുഖം കണ്ണാടിയിലൂടെ കണ്ടാൽ അതാരണെന്ന് മനസിലാക്കാൻ മറ്റുള്ളവരുടെ സഹായം വേണ്ടിവരും ലണ്ടനിലെ ഡർബിഷേർ സ്വദേശിയായ ലോറൻ നിക്കോൾ ജോൺസിന്. സ്വന്തം മുഖം പോലും തിരിച്ചറിയാൻ സാധിക്കാത്ത മുഖാന്ധത (ഫേസ് ബ്ലൈൻഡ്‌നസ്) അല്ലെങ്കിൽ പ്രോസോപാഗ്‌നോസിയ ബാധിതയാണ് 33കാരിയായ ലോറൻ. ഈ രോഗം ബാധിക്കുന്ന വ്യക്തികൾ ആളുകളുടെ മുഖം മറന്നുപോകും.

ഫോട്ടോ ആൽബങ്ങളിൽ സുഹൃത്തുക്കളെയോ തന്നെ തന്നെയോ ലോറന് തിരിച്ചറിയാനാകില്ല. സ്വന്തം വെളുത്തഗൗൺ ധരിച്ചത് വധുവാണെന്ന ധാരണയിലാണ് വിവാഹ ചിത്രങ്ങളിൽ നിന്ന് ലോറൻ തന്നെ തിരിച്ചറിഞ്ഞത്.

ഈ രോഗത്തിന് പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ല. ഓർമ്മകൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് ഏൽക്കുന്ന കേടുപാടുകൾ മൂലമുണ്ടാകുന്നതാണ് ഈ രോഗമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇപ്പോൾ, ആളുകളെ അവരുടെ ശീലങ്ങൾ, ശബ്ദം, പെരുമാറ്റം എന്നിവ കൊണ്ട് അവരെ തിരിച്ചറിയാനുള്ള കഴിവ് ലോറൻ ആർജ്ജിച്ചെടുത്തിട്ടുണ്ട്. ന്യൂറോളജിസ്റ്റായ ഒലിവർ സാക്‌സിന്റെ പുസ്തകം വായിച്ച ശേഷമാണ് ലോറൻ 19ാം വയസിൽ തന്റെ രോഗം തിരിച്ചറിഞ്ഞത്.

ഒരിക്കൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ എത്തിയ ഒരു അതിഥിയെ എത്ര ആലോചിച്ചിട്ടും ലോറന് മനസ്സിലായില്ല.ലോറന്റെ അടുത്ത സുഹൃത്തായിരുന്നു ആ അതിഥി. ആളുകളുടെ മുഖം ഓർത്തുവയ്ക്കാൻ കഴിയാത്തത് കൊണ്ട് സിനിമകൾ കാണുന്നത് ലോറന് ഇഷ്ടമല്ല. ഒഴിവുസമയങ്ങളിൽ പുസ്തകങ്ങളാണ് ലോറന്റെ പ്രിയ ചങ്ങാതിമാർ‌.