
നവോമി ഒസാക്കയ്ക്ക് ആസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം
നവോമിയുടെ നാലാം ഗ്രാൻസ്ളാം ഫൈനലും കിരീടവും
മെൽബൺ : വനിതാ ടെന്നിസിലെ ഏഷ്യൻ കരുത്ത്, ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്ക് ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം .ഇന്നലെ നടന്ന ഫൈനലിൽ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് നവോമി നേടിയത് തന്റെ കരിയറിലെ നാലാം ഗ്രാൻസ്ളാം കിരീടമാണ്. ഇതുവരെ കളിച്ച ഗ്രാൻസ്ളാം ഫൈനലുകളിലെല്ലാം വിജയം നേടിയെന്ന വിസ്മയവുമായാണ് നവോമി ഇന്നലെ കിരീടം നേടിയത്.
ഒരു മണിക്കൂർ 17 മിനിട്ട് നീണ്ട ഫൈനലിൽ 6-4,6-3 എന്ന സ്കോറിനായിരുന്നു നവോമിയുടെ വിജയം.ആദ്യമായി ഒരു ഗ്രാൻസ്ളാം ഫൈനലിനിറങ്ങിയ ബ്രാഡിക്ക് നവോമിയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതേയില്ല. സെമിയിൽ മുൻ ചാമ്പ്യൻ സെറീന വില്യംസിനെ കീഴടക്കിയാണ് നവോമി ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നത്. ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന മുച്ചോവയെ മറികടന്നാണ് ബ്രാഡി കന്നിക്കലാശക്കളിക്ക് എത്തിയത്.
1
ഡബ്ളിയു.ടി.എ റാങ്കിംഗിൽ ആദ്യ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ താരമാണ് നവോമി ഒസാക്ക.
2
നവോമിയുടെ രണ്ടാമത്തെ ആസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്.2019ലായിരുന്നു ആദ്യത്തേത്.
3
വനിതാ സിംഗിൾസ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് നവോമി ഇപ്പോൾ
4
കളിച്ച ആദ്യ നാലു ഗ്രാൻസ്ളാം ഫൈനലുകളിലും കിരീടം നേടിയെന്ന മോണിക്ക സെലസിന്റെ നാഴികക്കല്ലിനൊപ്പമെത്തിയിരിക്കുകയാണ് നവോമി ഇപ്പോൾ. പുരുഷ ടെന്നിസിൽ റോജർ ഫെഡററും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
നവോമി സ്ളാം
2018 യു.എസ് ഓപ്പൺ
കരുത്തയായ സെറീന വില്യംസിനെ 6-4,6-2 ഫൈനലിൽ തോൽപ്പിച്ച് കന്നി ഗ്രാൻസ്ളാം കിരീടം നേടുമ്പോൾ നവോമിക്ക് പ്രായം 20. ടൂർണമെന്റിൽ മത്സരിക്കാനെത്തിയത് 20-ാം സീഡായി.
2019 ആസ്ട്രേലിയൻ ഓപ്പൺ
ആദ്യ കിരീടത്തിന് പിന്നാലെ നടന്ന ഗ്രാൻസ്ളാം ടൂർണമെന്റിലും ജേതാവാകാൻ നവോമിക്ക് കഴിഞ്ഞു. മൂന്ന് സെറ്റ് നീണ്ട ഫൈനൽപ്പോരാട്ടത്തിൽ പെട്ര ക്വിറ്റോവയെ തോൽപ്പിച്ചതോടെ ലോക ഒന്നാം നമ്പർ പട്ടവും തേടിയെത്തി.
2020 യു.എസ് ഓപ്പൺ
മൂന്ന് സെറ്റ് പോരാട്ടത്തിൽ വിക്ടോറിയ അസരങ്കയെ കീഴടക്കി രണ്ടാം യു.എസ് ഓപ്പൺ. അരാന്താ സാഞ്ചസിന് ശേഷം ഫൈനലിൽ ആദ്യ സെറ്റ് നഷ്ടമായശേഷം ജയിക്കുന്ന ആദ്യ താരം.
2021 ആസ്ട്രേലിയൻ ഓപ്പൺ
തുടരെ രണ്ട് ഗ്രാൻസ്ളാമുകളിൽ നവോമി കിരീടം നേടുന്നത് രണ്ടാം തവണ.2012ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം നാല് ഗ്രാൻസ്ളാമുകൾ നേടുന്ന ആദ്യ വനിതാ താരമാണ് നവോമി.
കഴിഞ്ഞ യു.എസ് ഓപ്പണിന്റെ സെമിയിൽ തമ്മിൽ കളിക്കുമ്പോൾതന്നെ ബ്രാഡിയിലെ പോരാളിയെ ഞാൻ മനസിലാക്കിയതാണ്. ഈ ഫൈനലിൽ വലിയ വെല്ലുവിളിയാണ് അവർ ഉയർത്തിയത്.
- നവോമി ഒസാക്ക