
മലയാളത്തിൽ മഹാവിജയം നേടിയ ദൃശ്യത്തിന്പെ രണ്ടാംഭാഗം കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ദൃശ്യം 2വിനും ആരാധകർ വൻവരവേൽപ്പാണ് നൽകിയത്. സിനിമയുടെ വൻവിജയത്തിന് പിന്നാലെ റീമേക്കുകൾ ഉണ്ടാകുമെന്നും മൂന്നാംഭാഗത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിരുന്നു. അതിനിടെ ദൃശ്യം 2വിന്റെ വിജയത്തിനു കാരണം നോട്ടുനിരോധനവും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ പണമിടപാടുമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ദൃശ്യത്തിന്റെ വിജയത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് പങ്കു വച്ച് കുറിപ്പിലാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്..
'ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്‌പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ. മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിങ്.' സന്ദീപ് പറയുന്നു.