
മനാമ: ബഹ്റൈനിൽ കൊവിഡ് നിയന്ത്രണങ്ങൾ മൂന്നാഴ്ച കൂടി നീട്ടി. ഇന്ന് മുതൽ മാർച്ച് 14 വരെ പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് ദേശീയ വൈദ്യ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. സർക്കാർ ഏജൻസികളിൽ പരമാവധി 70 ശതമാനം ജോലിക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിക്കുക, ക്ലാസുകളിലെ ഹാജർ നില താത്ക്കാലികമായി നിറുത്തുക, പൊതു - സ്വകാര്യ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കിന്റർഗാർഡനിലും ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുക എന്നീ നിബന്ധനകളുണ്ട്.
ജിമ്മുകൾ, നീന്തൽ കുളങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 30 പേർക്ക് മാത്രം പ്രവേശിക്കാം. റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളിലും ഔട്ട്‌ഡോറുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. മുപ്പതിലധികം വ്യക്തികളുള്ള എല്ലാ സാമൂഹിക ഒത്തുചേരലുകളും സ്വകാര്യ പരിപാടികളും നിരോധിച്ചു.