
ഭാര്യയും ഭർത്താവുമാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചുംബനമൊക്കെ നൽകിയെന്ന് വരും. അതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഭർത്താവ് വീഡിയോ ചർച്ചയിൽ ഗൗരവമുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യയ്ക്ക് പ്രണയം തോന്നുകയും അവർ ഒരുമ്മ നൽകാനും തുനിഞ്ഞാലോ? അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
വ്യവസായ പ്രമുഖനായ ഹർഷ് ഗോയെങ്ക ഒരു ട്വീറ്റിലൂടെ പങ്കുവച്ച സ്ക്രീൻഷോട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മദ്ധ്യവയസ്കരെന്ന് തോന്നിക്കുന്ന ദമ്പതികൾക്കാണ് ഇങ്ങനെ ഒരബദ്ധം പിണഞ്ഞത്. രാജ്യത്തിന്റെ ജിഡിപിയെക്കുറിച്ചും മറ്റും കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനരികിലേക്ക് ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ഭാര്യ ചെല്ലുന്നതും തന്റെ പ്രിയതമന് അവർ ഒരു പ്രണയചുംബനം നൽകാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
Zoom call .....so funny 😄 😄😄pic.twitter.com/6SV62xukMN— Harsh Goenka (@hvgoenka) February 19, 2021
 
എന്നാൽ വീഡിയോ കോളിനിടെ ഭാര്യ സ്നേഹം പങ്കുവയ്ക്കാൻ വന്നത് ഭർത്താവിന് അത്ര പിടിച്ചിട്ടില്ലെന്നാണ് വീഡിയോയിലൂടെ മനസിലാകുന്നത്. 'വാട്ട് നോൺസെൻസ് യൂ ആർ ഡൂയിങ്ങ്? ക്യാമറ ഓണാണ്'-എന്നാണ് തെല്ല് ദേഷ്യത്തോടെ ഭർത്താവ് തന്റെ ഭാര്യയോട് പറയുന്നത്. ഏതായാലും വീഡിയോ വൈറലാവുകയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Haha. I nominate the lady as the Wife of the Year. And if the husband had been more indulgent and flattered, I would have nominated them for Couple of the Year but he forfeited that because of his grouchiness! @hvgoenka https://t.co/MVCnAM0L3W— anand mahindra (@anandmahindra) February 19, 2021
 
'ഹഹ. ഈ വനിതയെ വൈഫ് ഒഫ് ദ ഇയർ ആയി ഞാൻ നാമനിർദ്ദേശം ചെയ്യുകയാണ്. ഭർത്താവ് അൽപ്പം ദാക്ഷിണ്യത്തോടെ, അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിൽ കപ്പിൾ ഒഫ് ദി ഇയർ ആയി ഞാൻ അവരെ നോമിനേറ്റ് ചെയ്തേനെ. പക്ഷെ അയാളുടെ ദുർമുഖം കാരണം അത് നഷ്ടമായി'-ആനന്ദ് മഹീന്ദ്ര കുറിച്ചു. ഏതായാലും 'അൺറൊമാന്റിക്കായ' ഭർത്താവിനെ വിമർശിച്ചുകൊണ്ടും 'പ്രണയവിവശയായ' ഭാര്യയെ പിന്താങ്ങിയും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അതേസമയം,ഇരുവരുടെയും സ്വകാര്യ നിമിഷത്തെ പരസ്യമാക്കിയതിനെ മറ്റ് ചിലർ വിമർശിക്കുന്നുമുണ്ട്. എതായാലും വീഡിയോയിലെ ദമ്പതികൾ ആരാണെന്ന് ഇതുവരെ അറിവായിട്ടില്ല.