
കൊച്ചി: അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് തിരുവനന്തപുരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കൃഷി ഭവൻ ഓഫീസർ എസ്.എം. രാഹുലിനെതിരെ ഒരുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്.പി.സി) ലിമിറ്റഡ് വക്കീൽ നോട്ടീസ് അയച്ചു. ഇടുക്കി രാജാക്കാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന എസ്.പി.സി ലിമിറ്റഡ് 2013 മുതൽ ജൈവകൃഷി രംഗത്ത് സജീവമാണ്.
കമ്പനിയുടെ വളം ഉപയോഗിച്ചപ്പോൾ നാലുവർഷം മുമ്പ് കൃഷി നശിച്ചെന്ന് ആരോപിച്ച് ചിലർ ഒരു ചാനലിൽ വാർത്ത നൽകിയിരുന്നു. വ്യാജവാർത്തയാണെന്ന് തിരിച്ചറിയാതെ അബദ്ധത്തിൽ നൽകിയതാണെന്നും തിരുത്തി നൽകാൻ തയ്യാറാണെന്നും ഈ ചാനൽ പിന്നീട് എസ്.പി.സി ലിമിറ്റഡിനോട് സമ്മതിച്ചു.
എന്നാൽ, നിജസ്ഥിതി അറിയാൻ ശ്രമിക്കാതെ കൃഷി ഓഫീസർ മനഃപൂർവം, കമ്പനിയുടെ പ്രതിച്‌ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ വാർത്ത കർഷകർക്കിടയിലും കമ്പനിയുടെ ഫ്രാഞ്ചൈസികളിലും പ്രചരിപ്പിക്കുകയായിരുന്നു എന്ന് എസ്.പി.സി ലിമിറ്റഡ് ചെയർമാൻ എൻ.ആർ. ജയ്‌മോൻ പറഞ്ഞു. കൃഷി ഓഫീസറുടെ നിരുത്തവാദപരമായ നടപടി കമ്പനിയുടെയും ഉത്‌പന്നങ്ങളുടെയും പ്രതിച്‌ഛായയെ ബാധിച്ചു. വലിയ സാമ്പത്തിക നഷ്‌ടവുമുണ്ടായെന്ന് അഡ്വ. ജി. ഭഗവത് സിംഗ് മുഖേന അയയ്ച്ച വക്കീൽ നോട്ടീസിൽ കമ്പനി ആരോപിക്കുന്നു.
എം.ജി സർവകലാശാല വൈസ് ചാൻസലറുമായി ചേർന്ന് റിസർച്ച് പദ്ധതി ആരംഭിക്കുകയും വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകുകയും ചെയ്യുന്ന കമ്പനിയാണ് എസ്.പി.സി. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഇത്തരത്തിൽ ഒരു യൂണിവേഴ്‌സിറ്റിയുമായി കൈകോർക്കുന്നത്.
കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടിൽ ജൈവകൃഷി നടത്തി വിജയകരമാക്കിയ പെരുമയും എസ്.പി.സിക്കുണ്ട്. ഡോ.എം.കെ. മുനീർ എം.എൽ.എയുടെ മണ്ഡലത്തിൽ സമ്പൂർണ ജൈവ-ഹരിതകൃഷി നടത്തി ശ്രദ്ധയാകർഷിക്കുകയും ചെയ്‌തിട്ടുണ്ട്.