
കൊൽക്കത്ത: ബി.ജെ.പി യുവനേതാവ് പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊൽക്കത്തയിൽ അറസ്റ്റിൽ. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 100 ഗ്രാം കൊക്കെയിൻ പിടിച്ചെടുത്തു.
ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് ഗോസ്വാമിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇവരുടെ സുഹൃത്ത് പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ട്.
പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കൊൽക്കത്തയിലെ അലപോര ഏരിയയിൽ എൻ.ആർ. അവന്യുവിന് സമീപം പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പമേലയുടെ അറസ്റ്റിൽ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.