
തിരുവനന്തപുരം: 'മെട്രോമാൻ' ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ഇ ശ്രീധരന്റെ പരാമർശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോഹങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
'അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ? വലിയ ടെക്‌നോക്രാറ്റ്... രാജ്യം പദ്മശ്രീ നൽകി ആദരിച്ചയാള്... ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ? അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ'- ചോദ്യത്തിന് ഇങ്ങനെ മറുപടി നൽകികൊണ്ട് മുഖ്യമന്ത്രി ചിരിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വൻ പദ്ധതികൾക്ക് മുഖ്യമന്ത്രി എതിര് നിന്നിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.
അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിലേതെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പർക്കം കുറവാണെന്നും സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പിൽ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.