aparna-balan

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വിരാജ അവാർഡിനായി ഇത്തവണയും തന്നെ പരിഗണിക്കാതിരുന്നതിൽ നൊമ്പരവുമായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണാ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസമാണ് കൗൺസിൽ 2019ലെ അവാർഡുകൾ പ്രഖ്യാപിച്ചത്.

അവാർഡിനായി കൗൺസിലിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാണ് അപർണ പോസ്റ്റ് ഇട്ടിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽവെള്ളിയും സാഫ് ഗെയിംസുകളിൽ നാലുസ്വർണവും മൂന്ന് വെള്ളിയും യൂബർകപ്പിൽ വെങ്കലവും വേൾഡ് ബാഡ്മിന്റൺ ഫെഡറേഷൻ ടൂർണമെന്റുകളിലായി 30 ലേറെ മെഡലുകളും നേടിയിട്ടുള്ള തന്നെ പല തവണ അപേക്ഷിച്ചിട്ടും സ്പോർട്സ് കൗൺസിൽ തഴയുകയായിരുന്നുവെന്ന് അപർണ പറയുന്നു. കളിക്കളത്തിൽ തുടരുന്നവർക്കാണ് അവാർഡ് എന്ന് കൗൺസിൽ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും പലപ്പോഴും ആ മാനദണ്ഡം വേണ്ടപ്പെട്ടവർക്കായി മാറ്റിയിട്ടുണ്ടെന്ന് അപർണ പറയുന്നു. താൻ ഇപ്പോഴും കളിക്കളത്തിൽ തുടരുകയാണെന്നും എന്നിട്ടും പരിഗണിക്കുന്നില്ലെന്നുമാണ് താരത്തിന്റെ പരാതി.

കഴിഞ്ഞ വർഷവും അപർണയുടെ നേട്ടങ്ങൾ കൗൺസിൽ കണ്ടില്ലെന്ന് നടിച്ചിരുന്നു.ഇതേത്തുടർന്ന് താരം അവാർഡിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി കൗൺസിലിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിൽ നിന്ന് വ്യതിചലിച്ചാണ് അവാർഡുകൾ നൽകിയിരിക്കുന്നതെന്നും താരം പറയുന്നു. അതേസമയം ഇപ്പോൾ അവാർഡ് ലഭിച്ചവരുടെ യോഗ്യതയെ താൻ ചോദ്യം ചെയ്യുന്നില്ലെന്നും അതിലേറെ യോഗ്യതയുണ്ടായിട്ടും തന്നെ തഴഞ്ഞതിലാണ് വേദനയെന്നും അപർണ കേരളകൗമുദിയോട് പറഞ്ഞു. കൗൺസിലിന്റെ മറ്റ് അവാർഡുകളിലും അർഹതപ്പെട്ടവരെ തഴഞ്ഞതായി പരാതികൾ ഉയരുന്നുണ്ട്.