
ഇന്ധന വിലവർദ്ധനവിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മനഃസാക്ഷിയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ധനത്തിന് മേലുള്ള നികുതിയിൽ നിന്നും ഒരു 10 രൂപയെങ്കിലും കുറയ്‌ക്കണമെന്നും പെട്രോളിയം ഉത്പ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം തയ്യാറാണാ എന്നും ഇക്കാര്യം 'സാമ്പത്തിക വിദഗ്ധൻ' ധനമന്ത്രി തോമസ് ഐസക്കിനോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
17 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര സർക്കാർ നികുതി ഈടാക്കുന്നതെന്നും ഇതിൽ 42 ശതമാനം സംസ്ഥാനത്തിനാണ് നൽകുന്നതെന്നും കെ സുരേന്ദ്രൻ പറയുന്നു. പാചകവാതകത്തിന് വില വർദ്ധിപ്പിച്ച കാര്യത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ എല്ലാത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാസിന് സബ്സിഡിയുള്ളവരുടെ കാര്യത്തിൽ ഒരു വർദ്ധനവും ഉണ്ടായിട്ടില്ലെന്നും വാണിജ്യാവശ്യത്തിനുള്ള ഗ്യാസിന്റെ കാര്യത്തിലാണ് വർദ്ധനവുണ്ടായതെന്നും അദ്ദേഹം പറയുന്നു. ഗ്യാസിന് വിലവർദ്ധനയുടെ കാര്യത്തിലും നികുതിയുടെ 42 ശതമാനം സംസ്ഥാനത്തിനാണ് നൽകുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കാസർകോഡ് വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സ്റ്റേറ്റിന് ഒരു ചിലവുമില്ല. പെട്രോൾ അടിക്കുക, കാശ് വാങ്ങിക്കുക. ഡീസൽ അടിക്കുക, കാശ് വാങ്ങുക. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി മുഴുവൻ കൊള്ളയടിക്കുകയാണ്. നിങ്ങൾ അവരോടു ചോദിക്കണം. എത്രയോ സംസ്ഥാനങ്ങൾ കുറച്ചിട്ടുണ്ട്. ഗോവയിൽ കുറച്ചിട്ടുണ്ട്. ഗുജറാത്തിൽ കുറച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതലുള്ളത്. അവിടെ ഞങ്ങളില്ല.'-കെ സുരേന്ദ്രൻ പറയുന്നു.