2000-years-old-cave

കോഴിക്കോട്: മഹാശിലായുഗ സംസ്‌കാരത്തെ തൊട്ടറിയാൻ കാലം അവശേഷിപ്പിച്ച ചെങ്കൽ ഗുഹ പുരാവസ്തു വകുപ്പിന്റെ സംരക്ഷണമില്ലാതെ മണ്ണടിയുന്നു. കോഴിക്കോട് ജില്ലയിലെ ചെറൂപ്പയിലാണ് 2000 വർഷത്തിലധികം പഴക്കമുള്ള മനുഷ്യനിർമ്മിത ഗുഹ. ആ കാലത്തെ വാസ്തുശില്പ വൈഭവം പ്രകടമാകുന്ന ഗുഹാമുഖവും ഉൾവശവും ഇടിഞ്ഞ നിലയിലാണ്. ഇപ്പോൾ കുട്ടികളുടെ കളിയിടമാണ് ഗുഹ.

കണ്ടെത്തിയത് ഇങ്ങനെ

നാല്പത് വർഷം മുമ്പ് ഇവിടത്തെ തോട്ടം തൊഴിലാളികളുടെ മഴു എന്തിലോ തട്ടി താഴേക്ക് വീണു. നിധി സംശയിച്ച് നാട്ടുകാർ കൂട്ടമായെത്തി. പിന്നാലെ പൊലീസും പുരാവസ്തു ഉദ്യോഗസ്ഥരും. കുഴിച്ചപ്പോൾ കല്ലു വെട്ടിയ വാതിലുള്ള ഗുഹ. ഒരാൾക്ക് കുനിഞ്ഞ് കയറാം. അകത്ത് നിവർന്ന് നിൽക്കാനാവില്ല. രണ്ടു മുറികൾ, കല്ലുവെട്ടി ഉണ്ടാക്കിയ രണ്ട് കട്ടിലുകൾ, മൺപാത്രങ്ങൾ. കട്ടിലിൽ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള മഹാശിലായുഗ കാലഘട്ടത്തിന്റെ അവശിഷ്ടമാണെന്ന് പുരാവസ്‌തു ഗവേഷർ കണ്ടെത്തി.

ഇമ്പിച്ചി കോയയുടേതായിരുന്നു ഈ സ്ഥലം. പിന്നീട് ടി. മുഹമ്മദ് കോയയ്ക്ക് നൽകി. ഇപ്പോൾ കൊച്ചുമകൻ ടി. മുഹമ്മദാലിയുടെ കൈവശമാണ്. ഗുഹയിൽ നിന്ന് ലഭിച്ച പാത്രങ്ങളും അസ്ഥിയും കാലിക്കറ്റ് സർവകലാശാല പുരാവസ്തു വിഭാഗം യൂണിവേഴ്സിറ്റി മ്യൂസിയത്തിലും പഴശിരാജ മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുകയാണ്.

 മഹാശിലായുഗം

ബി. സി 500 മുതൽ ബി സി 1500 വരെ. മൂ‌ർച്ചയേറിയ ആയുധങ്ങൾ കണ്ടുപിടിച്ചിരുന്നതിനാൽ കല്ലുവെട്ടി ഗുഹകളും കട്ടിലുകളും ഉണ്ടാക്കി.അക്കാലത്തെ ജനങ്ങൾ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പണിതതാണ് ഗുഹകൾ. ചരിത്രത്തിൽ റോക്ക് കട്ട് കേവ്, കുടക്കല്ല്, മുനിയറ എന്നിങ്ങനെ അടയാളപ്പെടുത്തി. മൃതദേഹത്തിനൊപ്പം ആയുധങ്ങളും പാത്രങ്ങളും അടക്കം ചെയ്തിരുന്നു

 മഹാശിലായുഗ മനുഷ്യ‌ർ മതവിശ്വാസങ്ങളുടെ പേരിൽ ഇത്തരം സമാധിസ്ഥലങ്ങൾ ഉണ്ടാക്കിയിരുന്നു.

ഡോ.എം.ജി.എസ് നാരായണൻ, ചരിത്രപണ്ഡിതൻ

 ദക്ഷിണേന്ത്യയിൽ പലയിടത്തും മഹാശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെറൂപ്പയിലെ ഗുഹയിലെ അവശിഷ്ടങ്ങൾ സർവകലാശാല മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഡോ.എം.ആർ രാഘവ വാര്യർ, ചരിത്രകാരൻ

 ഗുഹ കണ്ടെത്തിയത് എന്റെ കുട്ടിക്കാലത്താണ്. ഇത് സംരക്ഷിക്കണമെന്ന് മാത്രമാണ് പുരാവസ്തു ഉദ്യോഗസ്ഥ‌ർ വല്ല്യുപ്പയോട് ആവശ്യപ്പെട്ടത്.

ടി.മുഹമ്മദ് കോയ