reshma

കുഞ്ചിത്തണ്ണി: പ്ളസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽപോയ ബന്ധുവായ യുവാവിനായി പൊലീസ് അന്വേഷണം. പള്ളിവാസൽ പവർഹൗസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മയെ (17) വള്ളക്കടവ് പവർഹൗസ് റോഡരികിൽ കുറ്റിക്കാട്ടിലാണ് മരിച്ച നിലയിൽ കണ്ടത്.ബൈസൺവാലി ഗവ.ഹയർസെക്കഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിൽ നിന്നു വീട്ടിലേക്ക് പോകുംവഴിയാണ് കുത്തേറ്റു മരിച്ചത്. രേഷ്മയുടെ പിതാവിന്റെ അർദ്ധസഹോദരൻ നീണ്ടപാറ സ്വദേശി വണ്ടിത്തറയിൽ അരുണാണ് പ്രതിയെന്ന് സംശയിക്കുന്നു. ബൈസൺവാലിയിൽ നിന്നു സ്വകാര്യ ബസിൽ വള്ളക്കടവിലിറങ്ങിയ രേഷ്മ പിതൃസഹോദരൻ അരുണിന്റെ കൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യം റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴുത്തിലും കൈയിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്ന് രേഷ്മയുടെ സ്‌കൂൾ ബാഗും അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും ലഭിച്ചു.വെള്ളിയാഴ്ച രാത്രി 9.45നാണ് മൃതദേഹം കണ്ടെത്തിയത്. അരുൺ രാജകുമാരിയിലെ ഫർണിച്ചർ കടയിൽ ജീവനക്കാരനാണ്. കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷ് വർഷങ്ങളായി കുടുംബസമേതം പള്ളിവാസലിലാണ് താമസിക്കുന്നത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.മാതാവ്: ജെസി.സഹോദരൻ: വിഷ്ണു .