
കൊൽക്കത്ത: തന്റെ കാറില്‍ മയക്കുമരുന്ന് കൊണ്ടുവച്ചത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ അടുത്തയാളുടെ അനുയായികളെന്ന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവമോർച്ചാ വനിതാ നേതാവ്.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള രാകേഷ് സിംഗിന്റെ ആളുകളാണ് തന്റെ കാറിൽ മയക്കുമരുന്ന് വച്ചതെന്നാണ് യുവമോർച്ചാ നേതാവ് പമേല ഗോസ്വാമി പറയുന്നത്.

കഴിഞ്ഞദിവസമാണ് പമേലയെ കൊല്‍ക്കത്തയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് സിംഗിന്റെ ആൾക്കാർ പദ്ധതിയിട്ട് തന്നെ മനഃപ്പൂർവ്വം കേസിൽ കുടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
കാറിനുള്ളില്‍ മയക്കുമരുന്നു കൊണ്ടുവച്ചത് രാകേഷ് സിങ്ങിന്റെ ആളാണ്. തനിക്ക് ഇതിനെപ്പറ്റി വിശ്വസനീയമായ സ്ഥലത്ത് നിന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. അഞ്ചുദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും പമേല പറയുന്നു.

മോഡലും എയര്‍ ഹോസ്റ്റസുമായിരുന്ന പമേല 2019ലാണ് ബിജെപിയുടെ ഭാഗമായത്. നിലവില്‍ യുവമോര്‍ച്ചയുടെ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ് ഇവർ. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലാണ് 23കാരിയായ പമേല പാര്‍ട്ടിയില്‍ ചേർന്നത്.