k-surendran

തിരുവനന്തപുരം: മെട്രോമാൻ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇ ശ്രീധരന് ഏതുമണ്ഡലത്തിലും മത്സരിക്കാം. അദ്ദേഹത്തിന്റെ താത്പര്യം പരിഗണിച്ച് മണ്ഡലം നിർണയിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുൾപ്പടെ ഏതുസ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണ്. അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം പെട്ടന്നുണ്ടായതല്ല. ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹവും താൽപ്പര്യം പ്രകടിപ്പിച്ചു. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബി ജെ പി നിർണായക ശക്തിയാകും. മുപ്പതുശതമാനം വോട്ടെങ്കിലും നേടും -കെ സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തീരുമാനം യാത്രക്ക് ശേഷമേ ഉണ്ടാകൂവെന്നും ശോഭാ സുരേന്ദ്രൻ മത്സരിക്കണോ എന്നതിലും യാത്രക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ വികസന പ്രതിസന്ധിയുണ്ടെന്നും സംസ്ഥാനത്ത് നടക്കുന്നത് സർക്കാരിന്റെ പി ആർ ജോലികൾ മാത്രമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മഞ്ചേശ്വരത്ത് വിജയസാദ്ധ്യതയുള്ളയാളെ സ്ഥാനാർത്ഥിയാക്കുമെന്നും അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൊണ്ടാണ് മഞ്ചേശ്വരത്ത് മിക്കപ്പോഴും വിജയിക്കാൻ കഴിയാത്തതെന്ന് പറഞ്ഞ കെ സുരേന്ദ്രൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നും വ്യക്തമാക്കി.