
ന്യൂഡൽഹി: ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് പഞ്ചാബിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ലഖ്ബീർ സിംഗ് രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഗ്രാമമായ ബതിന്ദയിലെ മെഹ്‌രാജിൽ ഫെബ്രുവരി 23 ന് നടക്കുന്ന റാലിയിൽ എല്ലാവരും പങ്കെടുക്കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. 'കഴിഞ്ഞ ഏഴു മാസമായി ഞങ്ങൾ പ്രക്ഷോഭം നടത്തുകയാണ്. ഇപ്പോൾ പ്രതിഷേധം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23 ന് ബതിന്ദ ജില്ലയിലെ മെഹ്‌രാജ് ഗ്രാമത്തിൽ ഞങ്ങൾ ഒരു വലിയ പരിപാടി നടത്തുന്നു.'ലഖ്ബീർ സിംഗ് വീഡിയോയിൽ പറയുന്നു.
യുവാക്കളെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരെ ചുട്ട മറുപടി നൽകണമെന്നാണ് വീഡിയോയില്‍ ഇയാള്‍ ആവശ്യപ്പെടുന്നത്. ന്യായമായ കാര്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നെ ജീവിതത്തിന് എന്ത് അര്‍ത്ഥമെന്നാണ് ചോദിക്കുന്നു.
ഡൽഹിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഖ്ബീർ സിംഗ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഡൽഹി പൊലീസ് ഇയാളെ കാണിച്ചുതരുന്നവർക്ക് പാരിതോഷികം നൽകുമെന്നുവരെ പ്രഖ്യാപിച്ചിരുന്നു.കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.