vaccine

ജറുസലേം: ഫൈസർ വാക്‌സിൻ രണ്ട് ഡോസ് എടുത്തവരിൽ കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത 95.8 ശതമാനം കുറഞ്ഞുവെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനിയും ശ്വസന പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് വാക്‌സിൻ 98% ഫലപ്രദമാണെന്നും, മരണം തടയുന്നതിന് 98.9% ഫലപ്രാപ്തിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


ഫെബ്രുവരി 13 വരെ ദേശീയതലത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ജനുവരി 30 വരെ 1.7 ദശലക്ഷം ആളുകൾക്ക് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകിയിട്ടുണ്ട്.


ഫൈസറിന്റെ വാക്‌സിനേഷനെക്കുറിച്ചുള്ള ഏറ്റവും വലിയ, യഥാർത്ഥ പഠനമാണിതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 50 വയസിന് മുകളിലുള്ള 95% ഇസ്രയേലികൾക്കും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാക്‌സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശുഭവാർത്തകൾ തന്നെയാണ് ആരോഗ്യപ്രവർത്തകരിൽ നിന്നും മറ്റും ലഭിക്കുന്നത്. ആഴ്ചകളോളം അടച്ചിട്ട ശേഷം കർശന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇസ്രയേലിനെ ഇത് പ്രേരിപ്പിച്ചു. സ്‌കൂളുകൾ ഉൾപ്പടെയുള്ളവ തുറക്കാൻ അനുമതി നൽകിയേക്കും.