koodathil

തിരുവനന്തപുരം: കരമനം കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ക്രൈബ്രാഞ്ച്. ഫൊറൻസിക് പരിശോധനയിൽ സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് കൊലപാതക കുറ്റം ചുമത്താൻ കോടതിയിൽ അപേക്ഷ നൽകി. അന്വേഷണത്തിന്റെ ഭാഗമായി കാര്യസ്ഥൻ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും എന്നാണ് അറിയുന്നത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നുവെന്നാണ് രവീന്ദ്രൻ പൊലീസിന് മൊഴിനൽകിയത്.

തിരുവനന്തപുരത്തെ കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അഞ്ചുപേർ ദുരൂഹമായ സാഹചര്യങ്ങളിൽ മരിച്ചതോടെയാണ് കൂടത്തായി മോഡൽ കൊലപാതകമാണ് ഇതെന്ന് സംശയവുമായി ചിലർ രംഗത്തെത്തിയത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരാണ് ഒടുവിൽ മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം തറവാടുവകയായ 100കോടിയോളം രൂപയ്ക്കുളള തറവാട് സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തോടെ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിന് കാര്യസ്ഥന്റെ ഇടപെടലുകൾ ദുരൂഹമാണെന്ന് സംശയം അന്വേഷണ സംഘത്തിനും ഉണ്ടായി. മരണത്തിന് മുമ്പ് സ്വത്തുക്കൾ വിൽക്കാൻ ജയമാധവൻ നായർ അനുമതിപത്രം നൽകിയെന്ന കാര്യസ്ഥന്റെ മൊഴിയാണ് സംശയത്തിന്റെ ആക്കം കൂട്ടിയത്. ഈ മൊഴി കളവാണെന്ന വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വർഷങ്ങളുടെ പഴക്കമുള്ള കൂടത്തിൽ കേസിൽ നേരറിയാൻ അന്വേഷണ സംഘം പുറത്തെടുക്കുന്നത് പുതു തന്ത്രം. മൊഴികളിലെ വൈരുദ്ധ്യങ്ങളെ ശാസ്ത്രീയ തെളിവുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുചോദ്യങ്ങളിലൂടെയും പൊളിച്ചടുക്കി മറച്ചുവച്ച രഹസ്യങ്ങളെ അടപടലേ പുറത്തുചാടിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തന്ത്രം. സ്വത്ത് തട്ടിപ്പിലുപരി കൂടത്തിൽ തറവാട്ടിലെ ജയമാധവന്റെ ദുരൂഹമരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കുള്ള ചില തെളിവുകൾ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞതോടെ ഇത് വിജയിക്കുകയും ചെയ്തു.

മരണം ദുരൂഹമാക്കിയ സംശയങ്ങൾ

ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം പരിസരവാസികളെയും അടുത്ത് താമസിക്കുന്ന ബന്ധുക്കളെയും അറിയിക്കാതിരുന്നത്.

വീട്ടുമുറ്രത്ത് അയൽവാസിയുടെ വാഹനം ഉണ്ടായിരുന്നിട്ടും ദൂരെനിന്ന് വാഹനം വരുത്തിയത്.

കൂടത്തിൽ വീടിന്റെ വാതിൽ അടയ്ക്കാറില്ലെന്ന മൊഴി. ഈ മൊഴി ബോധപൂർവ്വമാണെങ്കിൽ പുറത്ത് നിന്നെത്തുന്ന ആർക്കും ഇവിടെ അതിക്രമിച്ച് കടക്കാമെന്ന സന്ദേശമാണ് ഉദ്ദേശ്യം.

ജയമാധവന്റെയും മുമ്പ് മരിച്ച ജയപ്രകാശിന്റെയും മരണങ്ങൾ സംബന്ധിച്ച മൊഴികളിലെ സമാനത.

തറയിൽ കമിഴ്ന്ന് കിടന്ന ജയമാധവനെ തനിച്ചെടുത്ത് കട്ടിലിൽ കിടത്തിയെന്ന കാര്യസ്ഥന്റെ മൊഴി.

ജയമാധവനുമായി മെഡിക്കൽ കോളേജിലേക്ക് ആട്ടോയിൽ പോയ സമയവും മെഡിക്കൽ കോളേജിലെത്തിയതും മരണം സ്ഥിരീകരിച്ച സമയവും തമ്മിലുള്ള പൊരുത്തക്കേട്.

ജയമാധവന്റെ ശരീരത്തിൽ മുറിവുണ്ടായിട്ടും രക്തം വാർന്നതോ മുറിയിൽ രക്തമുണ്ടായിരുന്നതോ മൊഴിയിൽ പരാമർശിക്കാതിരുന്നത്.

വീട്ടുവേലക്കാരിയെ വിളിച്ചുവരുത്തി തിടുക്കത്തിൽ മുറികൾ വൃത്തിയാക്കിയത്.

ജയമാധവന്റെ വസ്ത്രങ്ങളും ചികിത്സാ രേഖകളും മരുന്നും നശിപ്പിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ കൊണ്ടുപോകാൻ ശ്രമിച്ചത്.

കൂടത്തിൽ വീട്ടിൽ സംസ്കരിക്കാതിരുന്നത്.

മരണശേഷം കാര്യസ്ഥൻ കൂടത്തിലുമായി സഹകരിച്ചിരുന്നവർക്ക് വാരിക്കോരി പണം ചെലവഴിക്കുന്നത്

കാര്യസ്ഥന്റെയും വീട്ടുവേലക്കാരിയുടെയും സഹായികളുടെയും ചില മൊഴികളിലുള്ള വൈരുദ്ധ്യം

സ്വയം രക്ഷപ്പെടാനും പരസ്പരം രക്ഷപ്പെടുത്താനും മൊഴികളിൽ ശ്രമമുള്ളതായ സംശയം.