kpa-majeed

കോഴിക്കോട്: ലീഗിലേക്ക് മടങ്ങിയെത്തണമെന്ന ആവശ്യവുമായി യു ഡി എഫ് നേതൃത്വം ചർച്ച നടത്തിയെന്ന് കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് പറഞ്ഞതിനെ തള്ളി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തി. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും മുസ്‌ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു ഡി എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായും കെ.പി.എ മജീദ് പ്രസ്താവയിലൂടെ അറിയിച്ചു.

യു ഡി എഫ് സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയതെന്ന കാര്യം കാരാട്ട് റസാഖ് ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തിയത്. പി ടി എ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലീഗ് പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള എതിർപ്പ് യു ഡി എഫ് നേതാക്കളെ അറിയിച്ചുവെന്നും എൽ ഡിഎഫിൽ തനിക്ക് നല്ല പരിഗണനയാണ് കിട്ടുന്നതെന്ന കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയ കാര്യം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.