pinarayivijayan

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അമേരിക്കൻ കമ്പനിയായ ഇ എം സി സി കമ്പനി പ്രസിഡന്റ് ഷിജുവർഗീസിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഫിഷറീസ് മന്ത്രിയോടൊപ്പം ക്ളിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ സി ഇ ഒയും ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച എന്നും ഷിജുവർഗീസ് വെളിപ്പെടുത്തി. കരാറുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഷിജുവർഗീസിന്റെ വെളിപ്പെടുത്തൽ.

ഇ എം സി സി സർക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാൻ സർക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കിൽ എന്തിനാണ് എം ഒ യു ഒപ്പിട്ടതെന്നും ചോദിച്ചു. ഇ എം സി സി പ്രതിധികൾ മുഖ്യമന്ത്രിയെ കണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ന്യൂയോർക്കിൽ വച്ചാണ് ഫിഷറീസ് കമ്പനിപ്രതിനിധികൾ കണ്ടതെന്നും കമ്പനി രേഖകൾ തന്നെ അതിന് തെളിവാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല ഇന്നലെ പുറത്തുവിട്ടിരുന്നു.

അതിനിടെ ആഴക്കടൽ മത്സ്യബന്ധന കരാറിൽ നിയമവിരുദ്ധമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമെന്നും അദ്ദേഹം ആരോപി​ച്ചു.ഭക്ഷ്യ സംസ്കരണ യൂണിറ്റിനുവേണ്ടിയാണ് സ്ഥലം കൊടുത്തത്. അതിനെ ആഴക്കടൽ മത്സ്യബന്ധനവുമായി കൂട്ടിക്കുഴയ്ക്കേണ്ട. സർക്കാർ നിയമവിരുദ്ധമായിട്ടോ തൊഴിലാളി വിരുദ്ധമായിട്ടോ ഒന്നും ചെയ്യില്ല. ഒരു തരത്തിലുളള ഭൂമികച്ചവടവും നടന്നിട്ടില്ല എന്നും വിജയരാഘവൻ പറഞ്ഞു.