
ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സ്റ്റാർമാജിക്ക് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ ശ്രീവിദ്യമുല്ലച്ചേരി നായികയായി എത്തുന്നു.ഹ്യുമർ കഥാപാത്രങ്ങളിൽനിന്ന് മാറി ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ താരത്തിന്റെ വേറിട്ട കഥാപാത്രം കൂടിയാണ്. ഐ.പി എസ് ലഭിച്ച ഉദ്യോഗസ്ഥന്റെ ഒൗദ്യോഗിക ജീവിതത്തിലെ ആദ്യ കേസ് അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ഡോ. റോണി, ശ്രീജിത് രവി, അംബിക എന്നിവരാണ് മറ്റു താരങ്ങൾ. സൂത്രക്കാരൻ, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾക്കുശേഷം വിച്ചു ബാലമുരളി നിർമിക്കുന്ന ചിത്രത്തിന് ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു. മാജിക്ക് ഫ്രെയിംസ് റിലീസ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു.അതേസമയം നടൻ എന്ന നിലയിൽ ധ്യാൻ ശ്രീനിവാസൻ തിളങ്ങുകയാണ്. ഖാലി പേഴ്സ് ഒാഫ് ദി ബില്യനേഴ്സ്, പ്രകാശൻ പറക്കട്ടെ എന്നീ ചിത്രങ്ങൾ ധ്യാൻ ശ്രീനിവാസൻ പൂർത്തിയാക്കി. സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിക്കുന്ന ഹിഗ്വിറ്റയുടെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കും. പൗഡർ സിൻസ് 1905 എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട് .