prasanth

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ എസ് ഐ എൻ സി) എം ഡി എൻ പ്രശാന്തിനെതിരെ സർക്കാർ നടപടിയെടുത്തേക്കും. സർക്കാരിന്റെ പ്രഖ്യാപിത മത്സ്യബന്ധന നയത്തിന് വിരുദ്ധമായി, അമേരിക്കൻ കമ്പനിയായ ഇ എം സി സിക്ക് വേണ്ടിയുളള ആഴക്കടൽ മത്സ്യബന്ധന ട്രോളറുകളുടെ നിർമാണക്കരാർ ഷിപ്പിംഗ് കോർപറേഷൻ ഏറ്റെടുത്തതാണ് സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ഫിഷറീസ് വകുപ്പുമന്ത്രി ജെ മെഴ്സിക്കുട്ടി അമ്മ പ്രശാന്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാേട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇ എം സി സിക്ക് വേണ്ടി 400 ട്രോളറുകൾ നിർമ്മിക്കാനാണ് കെ എസ് ഐ എൻ സി ധാരണാ പത്രം ഒപ്പിട്ടത്. ഈ ട്രോളറുകളിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുകയും അവർ പിടിക്കുന്ന മീനുകൾ ഇ എം സി സിയുടെ കപ്പലിന് നൽകുകയും അവർ ഈ മത്സ്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ട്രോളർ നിർമിക്കാനുള്ള തീരുമാനം ഷിപ്പിംഗ് കോർപറേഷൻ പി ആർഡി വഴി വാർത്താക്കുറിപ്പായി നൽകിയതും പ്രതിപക്ഷത്തെ സഹായിക്കാനാണാേ എന്ന് സർക്കാർ സംശയിക്കുന്നുണ്ട്.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ആളാണ് പ്രശാന്ത്. അതിനാലാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആരോപണങ്ങൾ ഉയരുന്നതിന് പിന്നിൽ പ്രശാന്തിന് പങ്കുണ്ടെന്ന് സർക്കാർ സംശയിക്കാൻ കാരണവും. കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കെ എസ് ഐ എൻ സി എംഡിയായ പ്രശാന്തിന്റെ പേര് പ്രതിപക്ഷനേതാവ് പരാമർശിച്ചിട്ടില്ല. ഇക്കാര്യവും സംശയത്തിന് ആക്കംകൂട്ടുന്നുണ്ട്. മന്ത്രിക്കൊപ്പമുളള കമ്പനി പ്രതിനിധികളുടെ ചിത്രം പുറത്തുവന്നതിനുപിന്നിലും പ്രശാന്തിന്റെ കൈയുണ്ടോ എന്ന് സർക്കാർ കേന്ദ്രങ്ങൾക്ക് സംശയമുണ്ട്.