
മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലൂടെ മലയാളത്തിൽ എത്തുന്ന തെലുങ്ക് താരം അനസൂയയുടെ വിശേഷങ്ങൾ
''വലിയ ഒരു ആഗ്രഹം. എന്നാൽ ഇത്ര വേഗം സഫലമാകുമെന്ന് പ്രതീക്ഷിച്ചില്ല. മലയാള സിനിമ എന്നും എന്നെ ആകർഷിച്ചു. മമ്മൂട്ടിയോടൊപ്പമാകണം ആദ്യ മലയാള സിനിമ എന്ന ആഗ്രഹവും സാധിച്ചു.'' അമൽനീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്ന തെലുങ്ക് താരം അനസൂയ ഭരദ്വാജ് പറഞ്ഞു തുടങ്ങുകയാണ്. തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടിയോടൊപ്പം അനസൂയ അഭിനയിച്ചിരുന്നു.ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ് ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തിൽ ഗൗരു ചരിത റെഡ് ഡി എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. ''യാത്രയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി എന്നെ വിസ്മയിപ്പിച്ചു.കഥാപാത്രത്തോടെ കാട്ടുന്ന അർപ്പണബോധം.എത്ര വേഗമാണ് വൈ. എസ് രാജശേഖര റെഡ് ഡിയായി മാറുന്നത്.'' അനസൂയയുടെ വാക്കുകൾ.അവതാരകയാണ് അനസൂയുടെ രംഗപ്രവേശം. തെലുങ്ക് പ്രേക്ഷകരുടെ പ്രിയ അവതാരക. വേദം, പൈസ എന്ന ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു. നാഗ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. നാഗർജുനയോടൊപ്പം അഭിനയിച്ച സുഗഡ് ചിന്നി നയൻ ബ്രേക്ക് തന്നു. ക്ഷാനത്തിലെ എ .സി. പി ജയ ഭരദ്വാജ് ശക്തമായ പ്രതിനായിക വേഷമായിരുന്നു. രാംചരണും സാമന്തയും അഭിനയിച്ച രംഗസ്ഥലം എന്ന ചിത്രത്തിൽ വേറിട്ട മുഖമായിരുന്നു അനസൂയേടത്.ചിരഞ്ജീവിയും രാംചരൺ തേജയും കാജൽ അഗർവാളും ഒന്നിക്കുന്ന ആചാര്യ, അല്ലു അർജുൻ ചിത്രം പുഷ്പ എന്നിവയിലും അനസൂയ അഭിനയിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നതിനിടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.''മലയാളത്തിൽ മികച്ച തിരക്കഥകളാണ് .മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രവർത്തിക്കുന്ന ആളാണ്. രണ്ടും ഒരേപോലെ കൊണ്ടുപോവാൻ ശ്രമിക്കുന്നു. അഭിനയ പ്രാധ്യാനമുള്ള വേഷങ്ങൾ സിനിമയിൽ ലഭിക്കണമെന്നാണ് ആഗ്രഹം ''അനസൂയ പറയുന്നു.രവി തേജയോടൊപ്പം അഭിനയിക്കുന്ന കില്ലാടിയാണ് തെലുങ്കിൽ മറ്റൊരു ചിത്രം. മലയാളത്തിൽനിന്ന് ഉണ്ണി മുകുന്ദനുമുണ്ട് ചിത്രത്തിൽ.
ഭീഷ്മപർവ്വം കൊച്ചിയിൽ ആരംഭിച്ചു മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും
മമ്മൂട്ടി അമൽനീരദ് ചിത്രം ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. നസ്റിയയും ജ്യോതിർമയിയും ചേർന്ന് സ്വിച്ച് ഒാൺ നിർവഹിച്ചു.മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും.താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മ പർവ്വത്തിൽ എത്തുന്നത്. ഗ്യാംഗ് സ്റ്റർ സ്വഭാവമുള്ള കഥാപാത്രം എന്നാണ് വിവരം.അമൽനീരദും ദേവത്ത് ഷാജിയും ചേർന്നാണ് തിരക്കഥ. നദിയ മൊയ്തു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലെന എന്നിവരാണ് മറ്റു താരങ്ങൾ. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രാഹകൻ.വിവേക് ഹർഷൻ എഡിറ്റിംഗും, സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.ഒറ്റ ഷെഡ്യൂളിൽ ഭീഷ്മപർവ്വം പൂർത്തിയാകും.