border

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിന്നുളള സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് നടന്ന പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ ഹോട്ട് സ്പ്രിംഗ്, ഗോഗ്ര, ഡെപ്സാംഗ, ഡെംചോക് എന്നീ പ്രശ്നബാധിത മേഖലകളിൽ നിന്നുളള സൈനിക പിൻമാറ്റം വിശദമായി ചർച്ചചെയ്തതായാണ് പുറത്തുവരുന്ന വിവരം.

പാംഗോംഗ് തടാകത്തിലെ തെക്കൻ വടക്കൻ മേഖലകളിൽനിന്നും ഇരുരാജ്യങ്ങളിലേയും സൈനികരെയും ആയുധവിന്യാസങ്ങളെയും പിൻവലിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ചർച്ച നടന്നിരിക്കുന്നത്. ചർച്ചയ്ക്ക് ലെഫ്. ജനറൽ പി.ജി.കെ. മെനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ ജനറൽ ലിയു നിൻ എന്നിവർ നേതൃത്വം വഹിച്ചു. സംഘർഷ മേഖലകളിൽ നിന്നുളള സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിൽ നിന്നുളള സൈനിക പിൻമാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാൽ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ബെയ്ജിങ്ങിലും ന്യൂഡൽഹിയിലും നടക്കുന്ന ഉന്നതതല ചർച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.

കഴിഞ്ഞ ഒൻപതു തവണ നടന്ന ചർച്ചകളിലും പാംഗോംഗ് തടാകത്തിലെ വടക്കൻ മേഖയിലെ ഫിൻഗർ 4 മുതൽ ഫിൻഗർ 8 വരെയുളള മേഖലകളിലെ ചൈനീസ് സൈനിക വിന്യാസം പിൻവലിക്കണമെന്ന ആവശ്യമായിരുന്നു ഇന്ത്യ പ്രധാനമായും മുന്നോട്ട് വെച്ചത്. അതേസമയം തടാകത്തിന്റെ വടക്കൻ മേഖലകളിലെ തന്ത്രപ്രധാന ഭാഗങ്ങളിലിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് മാസങ്ങൾക്ക് മുമ്പെ മുഖ്പരി, റെചിൻ, മഗർ മലനിരകളിലെ തന്ത്ര പ്രധാന മേഖലകൾ ഇന്ത്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്നു.